കോതമംഗലം: ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയില്‍ ചാലില്‍ പുത്തന്‍പുര വീട്ടില്‍ ദിലീപ് (44), താണിക്ക തടം കോളനിയില്‍ മനയില്‍ കിഴക്കേ വീട്ടില്‍ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷന്‍ കടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനില്‍കുമാര്‍ ഇയാളുടെ സുഹൃത്തായ ഷാജി എന്നിവര്‍ ഓടിച്ചു വന്ന ഇരു ചക്ര വാഹനം റേഷന്‍ കട പടിഭാഗത്ത് വച്ച് മറിയുകയായിരുന്നു. ഇതുകണ്ട് പിന്നില്‍ മറ്റൊരു ഇരു ചക്രവാഹനത്തില്‍ വരികയായിരുന്ന ദിലീപ്, സന്തോഷ് എന്നിവര്‍ ഇവരെ അസഭ്യം പറഞ്ഞുകൊണ്ട് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളും നിരവധി കേസുകളിലെ പ്രതിയുമായ ദിലീപ് മുന്‍പ് കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ളതാണ്. ഡിവൈഎസ്പി പി.എം. ബൈജു വിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ് ഐ മാരായ കെ.കെ.രാജേഷ്, വിഷ്ണു രാജു, ബിനു വര്‍ഗീസ് , എസ്.സി.പി.ഒ മാരായ നിഷാന്ത് കുമാര്‍, മജുകുമാര്‍, സി.പി.ഓ സിജോ തങ്കപ്പന്‍ എന്നിവരാണ് ഉണ്ടായിരുന്നത്
