പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഏർപ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എസ് സി എം എസ് സ്കൂൾ ഓഫ് റോഡ് സേഫ്റ്റി ട്രാൻസ്പോർട്ടേഷനെ ചുമതലപ്പെടുത്തിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ ജനകീയ സദസ്സിൽ അറിയിച്ചു .റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് പെരുമ്പാവൂരിലെ വിവിധ മേഖലയിലുള്ളവരുമായി ചർച്ച നടത്തി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
പെരുമ്പാവൂർ അസംബ്ലി നിയോജകമണ്ഡലത്തിലെ യാത്ര ക്ലേശം അനുഭവിക്കുന്നതും , നിലവിൽ ബസ് സർവീസുകൾ ഇല്ലാത്തതോ നിർത്തിപ്പോയതോ ആയ റൂട്ടുകളിൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നതിനായാണ് , ജനകീയ സദസ്സ് സംഘടിപ്പിച്ചത്. പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ആമുഖഭാഷണവും മൂവാറ്റുപുഴ ട്രാൻസ്പോർട്ട് ഓഫീസർ കെ കെ സുരേഷ് കുമാർ സ്വാഗതവും , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി ദിലീപ്കുമാർ നന്ദിയും രേഖപ്പെടുത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ടി അജിത് കുമാർ , പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ മിനി സാജൻ , ദീപ ജോയ് ,ഡോളി ബാബു , മുൻ മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് ,കൗൺസിലർമാരായ സി കെ രാമകൃഷ്ണൻ , അനിത പ്രകാശ് , അഭിലാഷ് പുതിയേടത്ത് ,അരുൺകുമാർ കെ സി , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മനോജ് തോട്ടപ്പള്ളി , ബേസിൽ കല്ലറയ്ക്കൽ , ആൻസി ജോബി , ഷീബ ചാക്കപ്പൻ , ജോ ആർടി ഓ അരവിന്ദൻ ,സിപിഎം ഏരിയ സെക്രട്ടറി അബ്ദുൽ കരീം , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ , ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ , ബസ് ഉടമ പ്രതിനിധികൾ മറ്റു പൊതുജനങ്ങൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു.
ഏകദേശം അറുപതോളം നിർദ്ദേശങ്ങളാണ് ജനകീയ സദസ്സിൽ ലഭിച്ചത്. പെരുമ്പാവൂരിലെ രൂക്ഷമായ ഗതാഗത കുരുക്കിനെ കുറിച്ചും ഏർപ്പെടുത്തേണ്ട മറ്റു ഗതാഗത പരിഷ്കാരങ്ങളെ കുറിച്ചും പരാതികളും നിർദേശങ്ങളും ജനകീയ സദസ്സിൽ ഉയർന്നു വന്നു.നിർദ്ദേശങ്ങൾ പരിശോധിച്ചു ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു
പുതിയ റൂട്ടുകളെ കുറിച്ച് ജനകീയ സദസ്സിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർടിഒ കെ.കെ.സുരേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി സർവീസുകളെ കുറിച്ചുള്ള പരാതികൾ അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി പ്രതിനിധികളും യോഗത്തെ അറിയിച്ചു.