കോതമംഗലം: പുന്നേക്കാട് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആശുപത്രി ചെലവ് വനം വകുപ്പ് വഹിക്കുമെന്ന് ആശുപത്രിയിലെത്തിയ കോതമംഗലം ഡി. എഫ്. ഒ. പി.യു.സാജു അറിയിച്ചു.
കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ മാവിൻ ചോട് ഭാഗത്ത് കാട്ടുപന്നി വട്ടം ചാടി ബൈക്കിൽ ഇടിച്ച് പരുക്കേറ്റാണ് പുന്നേക്കാട് കളപ്പാറ ചൂരക്കോടൻ അഖിൽ രാജപ്പൻ (29) ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. പരിക്കേറ്റ അഖിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടായ പ്രദേശത്ത് റോഡിന് ഇരുവശവും അടിക്കാട് വെട്ടിത്തെളിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും അധിക്യതർ പറഞ്ഞു.
ഡി.എഫ്. ഒക്ക് ഒപ്പം റെയിഞ്ച് ഓഫീസർ പി.ആർ. ജെലീൽ, കീരംപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സി. ചാക്കോ, വാർഡ് മെമ്പർ ജിജോ ആൻ്റണി, സി.പി.എം. ഏരിയ സെക്രട്ടറി കെ.എ. ജോയി, സാബു വർഗീസ്, എം. എസ്. ശശി എന്നിവരും ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ചു.
