കോതമംഗലം: മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപെടുത്തി. മാമലക്കണ്ടം എളംബ്ലാശ്ശേരി ആദിവാസിക്കുടിയില്‍ അഞ്ചുകുടി കമ്യുണിറ്റി ഹാളിന് സമീപം ജനവാസമേഖലയിലെ കിണറ്റിലാണ് കാട്ടാനയും കുട്ടിയാനയും വീണത്. പേപ്പാറയില്‍ പരേതനായ മത്തായിയുടെ ഭാര്യ പൊന്നമ്മയുടെ വീടിന് സമീപമുള്ള സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ അമ്മയാനയും കുട്ടിയാനയും അകപ്പെട്ടത്. ആഴം കുറവും, എന്നാല്‍ ആവശ്യത്തിന് വ്യാസമുള്ള കിണറ്റിലാണ് ആനകള്‍ അകപ്പെട്ടത്. ആദ്യം കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാകാം തള്ളയാനയും പതിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.തുമ്പിക്കൈകൊണ്ട് കരയില്‍ ഉറപ്പുള്ള എന്തിലെങ്കിലും ചുറ്റിപ്പിടിച്ച് കയറുവാന്‍ നടത്തിയ തള്ളയാനയുടെ ശ്രമവും ലക്ഷ്യം കണ്ടില്ല. പുലര്‍ച്ചെ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തെത്തുകയും, വനം വകുപ്പ് വാച്ചര്‍മാരെയും, വനപാലകരെയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് രാവിലെ 8ഓടൊയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയാനയെയും, അമ്മയാനയെും രക്ഷപെടുത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ സൈഡ് ഇടിച്ച് താഴ്ത്തി തള്ളയാനയെയും, കുട്ടിയാനയെയും കരക്ക് കയറ്റുകയായിരുന്നു. കരപറ്റിയ കുട്ടിയാനയും തള്ളയാനയും ചിന്നം വിളിച്ച് എളംബ്ലാശേരി റോഡില്‍ കയറി വനത്തിലേക്ക് പാഞ്ഞു.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നേരെത്ത പൊന്നമ്മയുടെ വീട് തകര്‍ന്നിരുന്നു, പിന്നീട് താമസിച്ചുവന്നിരുന്ന ഷെഡും കാട്ടാനകള്‍ നശിപ്പിച്ചതോടെ കാട്ടാനയെ ഭയന്ന് പൊന്നമ്മ മാസങ്ങള്‍ക്ക് മുമ്പ് പട്ടയക്കുടിയിലെ തറവാട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തേക്ക് താമസം മാറിയിരുന്നു.