കോതമംഗലം : സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കത്തിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി.പൊതുജനങ്ങൾ നേരിട്ട് എത്തുന്ന റവന്യൂ ഓഫീസുകളുടെ പ്രവർത്തനം പൂർണമായും നിശ്ചലമായി. താലൂക്കിൽ 13 വില്ലേജാഫീസുകളാണുള്ളത്. 13 വില്ലേജാഫീസർമാരും പണി മുടക്കത്തിലാണ്. കോതമംഗലത്ത് റവന്യൂ വകുപ്പിന് കീഴിൽ വരുന്ന ഭൂമി പതിവ് ഓഫീസ്, എൽ ആർ തഹസിൽദാർ ഓഫീസ് താലൂക്ക് സപ്ലൈ ഓഫീസ് ലീഗൽ മെട്രോളജി ഓഫീസ് എന്നിവ അടഞ്ഞുകിടക്കുകയാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വരുന്ന 11 ഓഫീസുകളും ഓഫീസുകളുടെയും , കൃഷിവകുപ്പിന് കീഴിൽ വരുന്ന 11 ഓഫീസുകളുടെയും താലൂക്ക് സപ്ലൈ ഓഫീസിന്റെയും , ലീഗൽ മെട്രോളജി ആഫീസിൻ്റെയും പ്രവർത്തനം നിശ്ചലമായി. മറ്റ് വകുപ്പുകളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെയും ഹാജർ നില വളരെ കുറവാണ്. ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, സ്റ്റാറ്റൂട്ടറി പെൻഷൻ ഉൾപ്പടെ ജീവനക്കാരുടെ ഏറ്റവും അടിസ്ഥാനപരമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിരെ നടന്ന പണിമുടക്കം സിവിൽ സർവീസിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ഏറ്റെടുത്ത കാഴ്ചയാണ് ഇന്ന് കാണാൻ സാധിച്ചത്.
പണിമുടക്കവുമായി ബന്ധപ്പെട്ട് അധ്യാപക സർവീ സംഘടനയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് ഇന്ന് പ്രതിഷേധ പ്രകടനവും ധർണ സമരവും സംഘടിപ്പിച്ചു . ധർണ്ണാസമരം ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് കെ എം ബഷീർ ഉദ്ഘാടനം ചെയ്തു. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ താലൂക്ക് പ്രസിഡണ്ട് ബോസ് മത്തായി സ്വാഗതം പറഞ്ഞു സമരസമിതി നേതാക്കളായ ടി കെ സുരേന്ദ്രൻ, എം ആർ അശോകൻ, വി കെ ചിത്ര, ഇ പി സാജു , അബ്ദുൽ റസാക്ക് വി പി, സുബൈർ പി ജെ നിഷ ദേവദാസ് , ഉമ്മർ, സണ്ണി, രതീശൻ, ഐഷ എം എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.