കോതമംഗലം :സംസ്ഥാന റവന്യൂ അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുള്ള അവാർഡ് നേടിയ എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസിനെയും,മികച്ച സബ് കളക്ടറായി തിരഞ്ഞെടുത്ത ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര ഐ എ എസിനെയും, ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസിനെയും ജില്ലാ വികസന സമിതി യോഗം ആദരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം എൽ എയും പി വി ശ്രീനിജിൻ എംഎൽഎയും മൂവരെയും പൊന്നാടയണിയിച്ചു.
മികച്ച സബ് കളക്ടറായി ഫോർട്ടുകൊച്ചി കളക്ടർ കെ മീര ഐ എ എസ് ഡിജിറ്റൽ സർവേയുടെ ബെസ്റ്റ് പെർഫോമർ നേട്ടത്തിനും അർഹയായിരുന്നു. സംസ്ഥാനത്തെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർക്കുള്ള അവാർഡിനാണ് അബ്ബാസ് വി ഇ അർഹനായത്. വിവിധ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
