കോതമംഗലം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലയിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളും സംയുക്തമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി ബിരുദ തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി.പാസ്‌വേഡ് പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം കീരംപാറ സെന്റ് സ്റ്റീഫൻ ഗേൾസ് ഹൈസ്കൂളിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ജെയ്സൺ മാത്യു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സെന്റ് സ്റ്റീഫൻ ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മാർട്ടിൻ സൈമൺ, മട്ടാഞ്ചേരി സി സി എം വൈ പ്രിൻസിപ്പാൾ ഡോ. ഹസീന വി എൻ,ചേലാട് സെന്റ് സ്റ്റീഫൻ എഡ്യൂക്കേഷണൽ ഏജൻസി മാനേജർ മത്തായി കുഞ്ഞ് എം പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ക്യാമ്പ് കോർഡിനേറ്റർ അരുൺ ജോർജ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. കീരമ്പാറ സെന്റ് സ്റ്റീഫൻ ഗേൾസ് ഹൈസ്കൂളിന് പുറമേ കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ , കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലാണ് കോതമംഗലം താലൂക്കിൽ പാസ്സ്‌വേർഡ് ക്യാമ്പ് സംഘടിപ്പിച്ചത്.
