കോതമംഗലം: ആധുനിക കാലഘട്ടത്തിൽ വിദേശ സംസ്കാരം സമൂഹത്തിൽ ഇടകലരുമ്പോൾ സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾ നഷ്ടമാവാതിരിക്കാൻ ആത്മീയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യം ആണെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്. ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള മാർ സ്തേഫാനോസ് സൺഡേ സ്കൂളിന്റെ ശദാബ്ദി സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. യാക്കോബായ സഭ കോതമംഗലം മേഖലാധിപൻ അഭി. മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ജെ. എസ്. എസ്. എ യുടെ പ്രസിഡന്റ് അഭി. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ശദാബ്ദിയോടനുബന്ധിച്ച് ‘സഹപാഠിക്കൊരു സ്വാന്തന സ്പർശം’ എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാനം അഭിവന്ദ്യ മെത്രാപ്പൊലീത്തൻമാർ ചേർന്ന് നിർവഹിച്ചു. യോഗത്തിൽ പൂർവകാല അധ്യാപകരെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോതമംഗലം വിശുദ്ധ മാർത്തോമ ചെറിയ പള്ളിയിൽ നിന്ന് ഉത്ഘാടന നഗരിയിലേക്ക് ദീപശിഖ പ്രയാണം നടത്തപ്പെട്ടു. സമ്മേളനത്തിൽ വികാരി റവ. ഫാ. ജിൻസ് അറാക്കൽ, റവ. ഫാ. കുര്യാക്കോസ് ചാത്തനാട്ട്, റവ. ഫാ. ജോയി മാറാച്ചേരിൽ, റവ. ഫാ. ബെൻ കല്ലുങ്കൽ, റവ. ഫാ. എൽദോസ് ചെങ്ങമനാട്ട്, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, എം. ജെ. എസ്. എസ്. എ ജനറൽ സെക്രട്ടറി പി വി ഏലിയാസ്, എം. ജെ. എസ്. എസ്. എ കോതമംഗലം മേഖല ഡയറക്ടർ ജോൺ ജോസഫ്, സെക്രട്ടറി ജോർജ് പി എ, ചേലാട് ഡിസ്ട്രിക്ട് ഇൻസ്പെക്ടർ പി പി മത്തായി, മാർ സ്തേഫാനോസ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു മാത്യു, മുൻസിപ്പൽ കൗൺസിലർമാരായ ലിസ്സി പോൾ, സിജോ വർഗീസ്, ട്രസ്റ്റിമാരായ സണ്ണി കുരുമ്പത്ത്, ജെയിംസ് ജോസഫ്, സെന്റ് സ്റ്റീഫൻസ് സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് രഞ്ജിത്ത്, ആദരവ് ഏറ്റുവാങ്ങിയവരെ പ്രതിനിധീകരിച്ച് ഷെവ. ഡോ. എ പി. എൽദോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന എക്യൂമെനിക്കൽ ഗാന മത്സരത്തിൽ മലയാറ്റൂർ സെന്റ് തോമസ് കത്തോലിക്ക പള്ളി, കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി, വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫെറോന പള്ളി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
