കോതമംഗലം : ആലുവ – മൂന്നാർ റോഡും, ബൈപാസ് റോഡുകളും സംഗമിക്കുന്ന തങ്കളം എക്സൈസ് ഓഫീസ് ജംഗ്ഷനിൽ എം എൽ എ ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച് സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോതമംഗലം പട്ടണത്തിൽ ഇന്ന് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഒരു ജംഗ്ഷനായി ഈ ജംഗ്ഷൻ മാറിയിട്ടുണ്ട്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ഏറെ മണിക്കൂറുകളോളം ഈ പ്രദേശത്ത് വലിയ ട്രാഫിക് ബ്ലോക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ട്രാഫിക് പോലീസ് ഡ്യൂട്ടിയിൽ നിന്നാൽപോലും നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറത്താണ് പലപ്പോഴും ഈ ജംഗ്ഷനിലെ തിരക്ക്. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കാണുന്നതിനായി പ്രദേശത്ത് സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ഇതിനായി എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡ പ്രകാരം പ്രവർത്തി നിർവഹിക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രവർത്തിയുടെ അടിയന്തര പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് എം എൽ എ ഫണ്ട് വിനിയോഗിച്ച് പ്രവർത്തി നടക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രിക്ക് എം എൽ എ കത്ത് നൽകിയിരുന്നു. ഈ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് പ്രസ്തുത ജംഗ്ഷനിൽ സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഇപ്പോൾ ഉത്തരവായിട്ടുള്ളത്. തുടർ നടപടികൾ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, കോതമംഗലം ട്രാഫിക് പോലീസും പ്രദേശം സന്ദർശിച്ചു . എം എൽ എ യോടൊപ്പം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, കോതമംഗലം ട്രാഫിക് എസ് ഐ സി പി ബഷീർ,പി പി മൈതീൻ ഷാ, സാബു തോമസ്, എം യു അഷറഫ് എന്നിവരും ഉണ്ടായിരുന്നു.
