കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയ്ക്കു സമീപം പാർക്കിംഗ് ഏരിയ നിർമ്മാണത്തിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പാർക്കിംഗ് ഏരിയ ഇന്റർലോക്ക് വിരിച്ച് നവീകരിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ ഫണ്ട് വിനിയോഗത്തിന് തടസമായിരുന്നതിനാൽ പ്രവർത്തിയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് നിർമ്മാണത്തിന് എം എൽ എ ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പിൽ നിന്നും ഇന്റർലോക്ക് വിരിച്ച് നവീകരിക്കുന്നതിന് പ്രത്യേക അനുമതി നൽകിയിട്ടുള്ളത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പാർക്കിംഗ് ഏരിയയുടെ നിർമാണം ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.
