കോതമംഗലം: കോതമംഗലത്ത് മുസ്‌ളീം ലീഗില്‍ വിഭാഗീയത രൂക്ഷം. ലീഗിന്റെ പാര്‍ട്ടി പത്രം വഴി പുതുതായി പ്രഖ്യാപിച്ച ഏകപക്ഷീയ കമ്മിറ്റിയെ യോഗം ചേരാനനുവദിക്കാതെ പ്രതിരോധിച്ച് മടക്കി. പുതുതായി പ്രഖ്യാപിച്ച നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രഥമ യോഗമാണ് ഇന്നലെ ലീഗ് ഓഫീസില്‍ ചേരാന്‍ തീരുമാനിച്ചതായി അറിയിപ്പ് നല്‍കിയിരുന്നത്. കമ്മിറ്റി ഉണ്ടെന്നറിഞ്ഞ് ഭൂരിപക്ഷം വരുന്ന എതിര്‍ വിഭാഗം പ്രതിഷേധവുമായി ഓഫീസില്‍ തടിച്ചുകൂടി. യോഗം ചേരാനായി പുതുതായി പ്രഖ്യാപിച്ച കമ്മിറ്റി ഭാരവാഹികള്‍ എത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിന്റെ വക്കോളമെത്തി. ഒടുവില്‍ യോഗം നടത്താനാകാതെ പുതിയ അംഗങ്ങള്‍ മടങ്ങി. മുസ്ലിം ലീഗില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ അടുത്ത കുറെ നാളുകളായുള്ള വിഭാഗീയത പരിഹരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഇതിനിടെ ജില്ലയില്‍ പുതിയ ഗ്രൂപ്പ് സംവിധാനം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷായുടെ നേതൃത്വത്തില്‍ നടത്തിയ വിഭാഗീയ പ്രവര്‍ത്തനമാണ് ലീഗിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. പുതിയ ഗ്രൂപ്പ് പ്രവര്‍ത്തനം മൂലം പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള പല്ലാരിമംഗലം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിക്ക് സൃഷ്ടിക്കുന്നത്. ഏറെ ആശങ്കയോടെയാണ് കോതമംഗലത്തെ യുഡിഎഫ് നേതാക്കളും ലീഗിലെ വിഭാഗീയയെ നോക്കികാണുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് ലീഗിനെ മാത്രമല്ല യുഡിഎഫിനെയും ബാധിക്കുമോയെന്ന ആശങ്ക നേതാക്കള്‍ക്കില്ലാതില്ല.