Connect with us

Hi, what are you looking for?

CHUTTUVATTOM

സ്ക്രാച്ച് ആൻറ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം പോകുമെന്ന മുന്നറിയിപ്പുമായി പോലീസ്

കോതമംഗലം : സമ്മാനവുമായി വീട്ടിൽ വരുന്ന സ്ക്രാച്ച് ആൻറ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം പോകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഒരു ചെറിയ ഇടവേളക്ക് ശേഷം സ്ക്രാച്ച് ആൻറ് വിൻ കാർഡ് തട്ടിപ്പുമായി സംഘങ്ങൾ സജീവമായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാലടി സ്വദേശിക്കാണ് തപാലിൽ സമ്മാന കാർഡെത്തിയത്. ഉരച്ച് നോക്കിയപ്പോൾ പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം സമ്മാനമായി ലഭിച്ചിരിക്കുന്നു. സമ്മാനം ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. താങ്കൾ ഭാഗ്യവാനായ കസ്റ്റമറാണെന്നും, താങ്കളെ പ്രത്യേക നറുക്കെടുപ്പിൽ ഉൾപ്പെടുത്തി സെലക്ട് ചെയ്തതു കൊണ്ടാണ് സ്ക്രാച്ച് ആൻറ് വിൻ കാർഡ് അയക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു.

പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിന്‍റെ പേരിലാണ് കാർഡ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്മാനം ലഭിച്ചയാൾക്ക് ആശയക്കുഴപ്പങ്ങളൊന്നുമില്ല. ബാങ്കിന്‍റെ വിശദാംശങ്ങൾ അയച്ചു കൊടുക്കണമെന്ന് നിർദേശവുമുണ്ട്. എല്ലാം വാട്സ്അപ്പ് വഴി ആയിരിക്കണമെന്നും പറയുന്നു. പേര്, ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐ.എഫ്..എസ്.സി കോഡ്, ഇവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്. ഇതൊക്കെ കൊടുത്താൽ കിട്ടുന്നത് വൻസമ്മാനമല്ലേ എന്ന് വിചാരിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്യും. തുടർന്ന് സമ്മാനം കൈമാറുന്നതിനും, ലഭിക്കുന്നതിനും തട്ടിപ്പു സംഘം വലുതും ചെറുതുമായ തുകകൾ ആവശ്യപ്പെടുകയും ലക്ഷങ്ങൾ വരെ അയച്ചു കൊടുത്ത് വഞ്ചിതരാവുകയുമാണ് പതിവ്. ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും കൈമാറുക വഴി അക്കൗണ്ടിലുള്ള തുക തൂത്തുപെറുക്കി കൊണ്ടുപോവാനും സാധ്യതയുണ്ട്. ഇത്തരം തട്ടിപ്പുകളിൽ വീണ് പോകരുതെന്നും, ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

You May Also Like