കോതമംഗലം : 28 വർഷം മുന്നേ എം. ജി ടീം അംഗം. ഇന്നലെ കളി നിയന്ത്രകൻ. 28 വർഷത്തിന് ശേഷം ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എം. ജി. സർവകലാശാല കീരിടം ചൂടുമ്പോൾ ഫിഫ, ഐ എസ് എൽ റഫറി എം. ബി. സന്തോഷ് കുമാറിന് ജീവിതത്തിലെ രണ്ടാം വേഷത്തിന്റെ തിളക്കം. ഒപ്പം അഭിമാന നിമിഷവും . ഇന്നലെ നടന്ന എം. ജി – കേരള യൂണിവേഴ്സിറ്റി മത്സരം നിയന്ത്രിച്ചത് സന്തോഷാണ്. 1994-95 ൽ മൈസൂരിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവ്വകാലശാല ചാമ്പ്യൻ ഷിപ്പിലാണ് മുൻപ് എം. ജി ചാമ്പ്യാന്മാരായത്. അന്ന് ആ ടീമിലെ അംഗമായിരുന്നു എം ബി സന്തോഷ് കുമാർ . പിന്നീട് എം. ജി ചാമ്പ്യൻമാരായ ഇന്നലെ നടന്ന മത്സരം കോതമംഗലം എം. എ കോളേജിന്റെ കളിക്കളത്തിൽ നിയന്ത്രിച്ചതും സന്തോഷ് കുമാറായിരുന്നു.