കോതമംഗലം : വാരപ്പെട്ടിയിലെ ഒന്നര ഏക്കർ റബ്ബർത്തോട്ടത്തിലാണ് നൂറുമേനി വിളവുമായി നെന്മണികൾ നിരന്നത്. പുന്നേക്കോട്ട് ബഷീർ എന്ന കർഷനാണ് ഏളാമ്പ്ര മലയിലുള്ള വർഷങ്ങളായുള്ള തൻ്റെ റബർ തോട്ടം മാറ്റം വരുത്തി ജ്യോതി നെൽവിത്ത് കൃഷി ചെയ്തത്. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം. എൻ രാജേന്ദ്രൻ, കൃഷി അസിസ്റ്റൻ്റുമാരായ ആബിത ഒ.എം, ബിൻസി ജോൺ എന്നിവരും പാടശേഖര സമിതി ഭാരവാഹികളും പ്രദേശത്തെ കർഷകരും പങ്കെടുത്തു. കൃഷിഭവൻ വഴി നെൽകൃഷിയെ വീണ്ടെടുക്കുന്ന പ്രവർത്തനത്തിൽ നിന്നു ലഭിച്ച ഊർജ്ജമാണ് കരനെല്ലിലേക്ക് എത്തിച്ചതെന്ന് കർഷകൻ അഭിപ്രായപ്പെട്ടു.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശായ എല്ലാ പ്രദേശങ്ങളും കൃഷിയിലേക്ക് എത്തിക്കുക എന്ന വലിയ ലക്ഷ്യം നിരവധി കർഷകർ ഏറ്റെടുത്തതായി കൃഷി അസിസ്റ്റൻ്റ്റ് ഡയറക്ടർ അറിയിച്ചു. പുരയിടങ്ങളിലും കരപ്രദേശങ്ങളിലും കൃഷി ചെയ്യുന്നതു വഴി പരമാവധി സ്ഥലത്ത് നെല്ലൽപ്പാദനം കൂടാതെ പുതിയ തലമുറയെ കൃഷിയോട് ചേത്തു നിർത്താനും സാധിക്കുന്നു. കരകൃഷിക്ക് പ്രത്യേകം താൽപ്പര്യമെടുത്ത വാരപ്പെട്ടിയിലെ കൃഷി ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നു. കോതമംഗലം ബ്ലോക്കിൽ വിവിധ പഞ്ചായത്തുകളിൽ കർഷകരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും പ്രത്യേക ശ്രമങ്ങളിലൂടെ 30 ഏക്കറോളം സ്ഥലത്ത് കരക്കൃഷി നടപ്പിലാക്കിയിട്ടുണ്ട്.