കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ ഭാഗത്ത് കൂലാഞ്ഞി വീട്ടിൽ പത്രോസിന്റെ പുരയിടത്തിലെ കാട്ടാന വീണ കിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് യു ഡി എഫ് രാഷ്ട്രീയ ലാഭത്തിനായി കള്ള പ്രചരണങ്ങൾ നടത്തുന്നതായി ആന്റണി ജോൺ എം എൽ എ. 12/4/24 തീയതി കാട്ടാന കിണറ്റിൽ വീണതിനെ തുടർന്നാണ് കിണർ
ഉപയോഗ്യ ശൂന്യമായി മാറിയത്. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും, കുടിവെള്ളത്തിനായി നിരവധി കുടുംബങ്ങൾ ഈ കിണറിനെ ആശ്രയിക്കുന്നതുകൊണ്ടും കിണർ നല്ല നിലയിൽ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് അന്നേ തന്നെ സർക്കാരിനോട് ആവശ്യപ്പെടുകയും അതിന്റെ തുടർച്ചയിൽ തൊട്ടടുത്ത ദിവസം ജില്ലാ കളക്ടർ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 1,56,797 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയതുമാണ്. എന്നാൽ കോൺട്രാക്ട് പ്രോഫിറ്റും ജി എസ് ടി യും കൂടി വരുമ്പോൾ ടി തുക തികയാത്ത സാഹചര്യത്തിൽ 56003/- രൂപ അഡിഷണൽ തുക അനുവദിച്ചുകൊണ്ട് വീണ്ടും ഉത്തരവ് ഇറക്കുകയുണ്ടായി. പ്രവർത്തിയ്ക്ക് ആകെ 2,12800 രൂപ ലഭ്യമാക്കി വർക്കിനായി ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നതാണ്.എന്നാൽ കിണർ സ്ഥിതി ചെയ്തിരുന്ന പുരയിടത്തിലേക്ക് വഴി സൗകര്യം ഇല്ലാ എന്നുള്ളതുകൊണ്ട് വർക്ക് ഏറ്റെടുക്കാൻ ഒരു കരാറുകാരും തയ്യാറായിരുന്നില്ല. പിന്നീട് നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് ആറാമത്
ടെൻഡർ സമയത്ത് ഒരു കരാറുകാരൻ വർക്ക് ഏറ്റെടുക്കുകയും ചെയ്തു.ഇതിന്റെ തുടർച്ചയിൽ എഗ്രിമെന്റ് വച്ച് ഒട്ടും കാലതാമസം പിന്നീട് ഉണ്ടാകാതെയാണ് ഇപ്പോൾ വർക്ക് ആരംഭിക്കുന്ന സാഹചര്യത്തിൽ എത്തിയത്. യഥാർഥത്തിൽ കിണറിന് നാമ മാത്രമായ നഷ്‍ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ അഭിപ്രായം നിലനിന്നപ്പോഴും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടുതന്നെയാണ് ആവശ്യമായ 2,12,800 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കിണറിന്റെ നല്ല നിലയിൽ പുനരുധാരണത്തിന് സമയ ബന്ധിതമായി തുക അനുവദിച്ചെങ്കിലും, വഴിയില്ലാ എന്നുള്ള ഉൾപ്പെടെയുള്ള കാരണങ്ങൾ ഉള്ളതുകൊണ്ട് കരാറുകാർ വർക്ക് ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വർക്ക് തുടങ്ങാൻ താമസിക്കുന്നത് സാഹചര്യം ഉണ്ടായത്. വസ്തുത ഇതാണെന്നിരിക്കെ ഈ വിഷയത്തിൽ യു ഡി എഫ് നിരന്തരമായി നുണ പ്രചരണം നടത്തുന്ന സമീപനമാണ് സ്വീകരിച്ചത്.
ഈ വിഷയത്തിൽ ആദ്യം മുതൽ തന്നെ കുടുംബത്തെ ചേർത്ത് നിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കള്ളപ്രചരണങ്ങൾ നടത്തിയവരെ ജനങ്ങൾ തിരിച്ചറിയണമെന്നും എം എൽ എ അഭ്യർത്ഥിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, തഹസിൽ ദാർ എം അനിൽകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മെജോ ജോർജ് ,വാർഡ് മെമ്പർമ്മാരായ സന്തോഷ് അയ്യപ്പൻ, സാറാമ്മ ജോൺ, സിപിഐ എം ലോക്കൽ സെക്രട്ടറി അഖിൽ സുധാകരൻ, കുലാഞ്ഞി വീട്ടിൽ പത്രോസും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എം എൽ. എ പറഞ്ഞു.
