കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ കപ്പ് നേടി . ചേലാട് ബെസാനിയ സ്കൂൾ റണ്ണേഴ്സ് അപ്പും, ശോഭന പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുമായി നിരവധി ടീമുകളാണ് രണ്ട് ദിവസമായി നടന്ന മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്. ദേശീയ സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകൻ പ്രൊഫസർ ഹാരി ബെന്നി വിജയികൾക്കുള്ള റിപ്പബ്ലിക് ഡേ കപ്പ് കൈമാറി. ടൂർണ്ണമെന്റിലെ മികച്ച ഗോൾ കീപ്പറായി ബസാനിയയുടെ ബേസിൽ ബിനു സ്‌കറിയയെയും, മികച്ച ഡിഫന്ററായി മാർ ബേസിലിന്റെ ജിബ്രോൺ വിൽകിൻസനെയും, മികച്ച ഫോർവേഡറായി ബസാനിയയുടെ ആരവ് റജിയെയും, മികച്ച മിഡ്ഫീൽഡറായി മാർ ബേസിലിന്റെ മുഹമ്മദ് യാസിനെയും, ബെസ്റ്റ് സ്‌കോററായി സെന്റ് സ്റ്റീഫൻസിന്റെ രാഹുൽ രമേഷിനെയും തെരഞ്ഞെടുത്ത് പുരസ്‌കാരങ്ങൾ നൽകി.
വാർഡ് മെമ്പർ ശോഭ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മി വിഎസ്, സ്പോർട്സ് ഇൻ ചാർജ് ദൃശ്യ ചന്ദ്രൻ, കോച്ച് എ എസ് സുനീഷ്, സംഘാടകസമിതി കൺവീനർ കെ എൻ ജയചന്ദ്രൻ, അരുൺ സി ഗോവിന്ദൻ, വി എം മണി, രശ്മി ബിനു, പി തങ്കൻ,ജയൻ ചുണ്ടേക്കാട്ട്, കെ ജി സുഭാഷ്, പി എ വേലുകുട്ടി, പി ബാബുരാജ്, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
