നേര്യമംഗലം : പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന് രണ്ടാം ജന്മം. ഒരു കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകിയ യുവാവിനെ പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. നേര്യമംഗലം പടിഞ്ഞാറേക്കര രാധാകൃഷ്ണന്റെ മകനും നേര്യമംഗലത്ത് ഓട്ടോ തൊഴിലാളിയുമായ അനൂപ് (30) ആണ് ഒഴുക്കിൽപ്പെട്ടത്. നേര്യമംഗലം പാലത്തിന് സമീപം കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു അനൂപ് ഒഴുക്കില്‍ അകപ്പെടുകയായിരുന്നു. മണിമരുതുംചാല്ഭാഗത്ത് ഒരാള്‍ പുഴയിലൂടെ ഒഴുകിപോകുന്നത് നാട്ടുകാർ അറിയിച്ചതിനേതുടര്‍ന്നാണ് ഊന്നുകല്‍ പോലിസ് ഉടൻ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി യുവാവിനെ കരക്കെത്തിക്കുകയായിരുന്നു. കാലിന് പരിക്കേറ്റതിനെത്തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അനൂപ്.
