കോതമംഗലം : കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ തിരികെയേൽപിച്ച് അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫും നാടിനാകെ മാതൃകയായി . ഇന്ന് രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനു പോയി മടങ്ങിവരവെ പിണ്ടിമന പഞ്ചായത്ത് തൈക്കാവുംപടിക്ക് സമീപമുള്ള കനാൽ ബണ്ട് റോഡിൽ നിന്നാണ് അരലക്ഷം രൂപയുടെ നോട്ട്കെട്ട് കിട്ടിയത്. കോട്ടപ്പടി സ്റ്റേഷനിൽ വിവരം അറിയിച്ച് പോലീസിന് കൈമാറി .പണത്തിന്റെ ഉടമസ്ഥനായ പുലിമല അമ്പലക്കാട്ട് കോൺട്രാക്ടർ ജോർജിന് കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കെ കരുണാകരൻ കൈമാറി . പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി ലീഡർ എസ് എം അലിയാർ കുട്ടികളുടെ സത്യസന്ധതയെയും നാടിനാകെ മാതൃകയായ പ്രവൃത്തിയെയും യോഗത്തിൽ അഭിനന്ദിച്ച് സംസാരിച്ചു .
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം എം എം അലി, കോട്ടപ്പടി ഈസ്റ്റ് സർവീസ് ബാങ്ക് പ്രസിഡണ്ട് കെ എസ് സുബൈർ ,സി പി ഒ സുധി, പൊതുപ്രവർത്തകനായ കരിം കാട്ടക്കുഴി , കോൺട്രാക്ടർ മൊയ്തീൻ കുഞ്ഞ് നെല്ലിമറ്റം ,ഷൗക്കത്ത് നെല്ലിമറ്റം , മൈതീൻ കാഞ്ഞിരക്കോടൻ ,ഷാഹുൽ ഹമീദ് ആലക്കട എന്നിവർ സന്നിഹിതരായിരുന്നു . കുട്ടികൾ ഇരുവരും കോട്ടപ്പടി മാർ ഏലിയാസ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും അയിരൂർ പാടം എഫ് സി അണ്ടർ ഫോർട്ടീൻ ടീമിലെ മികച്ച കളിക്കാരുമാണ് . ഫർഹാൻ ,അയിരൂർപാടം സെയ്തുകൂടി ബഷീർ ( റഷീദ്) ,ഷിംന ദമ്പതികളുടെ മകനും യാസിർ ,അയിരൂർപാടം കാപ്പുശാലിൽ അഷറഫ് അലി (മമ്മുട്ടി ) ,ഷർഫീന ദമ്പതികളുടെ മകനുമാണ് .