പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സവാള കൃഷി ചെയ്ത കർഷകന് മികച്ച വിളവ്. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ ഇരുപത്തിയഞ്ച് സെന്റ് സ്വന്തം സ്ഥലത്ത് നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്. ബാക്കി വരുന്ന ഒന്നരയേക്കർ സ്ഥലത്ത് ക്യാരറ്റ്, കുക്കുമ്പർ, പയർ തുടങ്ങീ കൃഷികളും ചെയ്തു വരുന്നു. ശീതകാലകാല പച്ചക്കറികളായ കാബേജ്, വെളുത്തുള്ളി, ക്യാരറ്റ്, കോളിഫ്ളവർ തുടങ്ങിയ കൃഷി ചെയ്ത് കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച കർഷകനായി കഴിഞ്ഞവർഷം ഈ കർഷകനെ തെരെഞ്ഞെടുത്തിരുന്നു.കൃഷിയിടത്തിൽ നടന്ന സവാളയുടെയും, ക്യാരറ്റിന്റേയും വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, മേരി പീറ്റർ പഞ്ചായത്തംഗങ്ങളായ സിജി ആന്റണി, ലത ഷാജി, ലാലി ജോയി, കൃഷി ഓഫീസർ ഇ.എം.മനോജ് ,കൃഷി അസിസ്റ്റന്റുമാരായ ഇ.പി.സാജു, വി.കെ. ജിൻസ് , കർഷകനായ ഇഞ്ചക്കൂടി മൈതീൻ രാധാ മോഹനൻ , ബിനോയി മാളിയേലിൽ എന്നിവർ പങ്കെടുത്തു.
വിവിധ കൃഷികൾ ചെയ്ത മാതൃകാ പ്രവർത്തനം നടത്തുന്ന കർഷകനെ കൃഷിയിടത്തിൽ വച്ച് കൃഷിഭവനു വേണ്ടി പ്രസിഡന്റ് ജെസ്സി സാജു പൊന്നാട നൽകി ആദരിച്ചു. മനസ്സ് വച്ചാൽ എന്തും നമ്മുടെ മണ്ണിൽ വിളയിക്കാൻ കഴിയുമെന്ന സന്ദേശവുമായി പിണ്ടിമന കൃഷിഭവൻ നടത്തുന്ന പരീക്ഷണ അടിസ്ഥാനത്തിലുള്ള വിവിധ കൃഷികൾ ഇതിനോടകം തന്നെ വിജയം നേടിയിട്ടുണ്ട്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇