കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ വെറ്റില പ്പാറ രാജീവ് ഗാന്ധി നഗറിലെ ഒരു വീട് പൂർണമായും നിലം പൊത്തുകയും,സമീപത്തുള്ള മറ്റ് 4 വീടുകൾ വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു. ടി വീടുകൾ രാജീവ് ഗാന്ധി ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോർഡ് പണിതു നൽകിയിരുന്നതാണ്.ഭൂമിയുടെ ഉടമസ്ഥാവകാശം ഹൗസിംഗ് ബോർഡിൽ തന്നെ നില നിർത്തുകയും ചെയ്തിരുന്നു. ആയതിനാൽ ടി കുടുംബങ്ങൾക്ക് കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോ,കരം തീർക്കുന്നതിനോ, ലൈഫ് ഭവന പദ്ധതിയുടെ ഭാഗമാകുന്നതിനോ സാധിച്ചിരുന്നില്ല.
ടി വസ്തുക്കൾ ഇപ്പോൾ ഹൗസിംഗ് ബോർഡിൽ നിന്നും സർക്കാരിലേക്ക് റീ ലിൻക്വിഷ്മെന്റ് ചെയ്യുകയും അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ ടി കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള സാഹചര്യവും ഉണ്ടായത്. പിണ്ടിമന വില്ലേജിലെ ഈ 5 കുടുംബങ്ങൾക്ക് ഉൾപ്പെടെ കുട്ടമ്പുഴ -10 തൃക്കാരിയൂർ -1, കോതമംഗലം-3,കുട്ടമംഗലം -2,ഇരമല്ലൂർ -1,കടവൂർ -2, പോത്താനിക്കാട് -1 എന്നിങ്ങനെ 25 കുടുംബങ്ങൾക്കാണ് നാളെ പട്ടയം നൽകുന്നത്.
നാളെ(31/10/25) രാവിലെ 10 മണിയ്ക്ക് ഏലൂർ ടൗൺ ഹാളിൽ നടക്കുന്ന പട്ടയമേളയിൽ വച്ച് ഈ കുടുംബങ്ങൾക്കുള്ള പട്ടയം വിതരണം ചെയ്യും.
കോതമംഗലം താലൂക്കിലെ അർഹരായ മുഴുവൻ കൈവശക്കാർക്കും സമയബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.


























































