പോത്താനിക്കാട്: പൈങ്ങോട്ടുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദിന്റെ പഞ്ചായത്തംഗത്വം റദ്ദു ചെയ്ത ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ നിസാര്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച നിസാര്‍ യുഡിഎഫ് വിപ്പ് ലംഘിച്ച് കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നുവെന്ന് കാണിച്ച് അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തത്തിലെ കോണ്‍ഗ്രസ് അംഗം മില്‍സി ഷാജി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നത്.
എന്നാല്‍ ഈ ഉത്തരവിനെതിരെ നിസാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി നേരത്തെ മൂന്നാഴ്ച്ചത്തേക്ക് താത്കാലിക സ്റ്റേ അനുവദിച്ചിരുന്നു. എന്നാല്‍ കേസില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ജെ. നിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
