പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിലൂടെ കടന്നുപോവുകയും, പല്ലാരിമംഗലത്തേയും, സമീപ പഞ്ചായത്തുകളിലേയും ,കോതമംഗലം മുനിസിപ്പാലിറ്റിയിലേയും കുടിവെള്ള സ്രോതസ്സുമായ പരീക്കണ്ണിപ്പുഴയിൽ രാത്രിയുടെ മറവിൽ ആരോ മാലിന്യം ഒഴുക്കി. വെള്ളത്തിന്റെ നിറംമാറിയാണ് ഒഴുക്കുന്നത്. പരിക്കണ്ണി വള്ളക്കടവ്ഭാഗം മുതലാണ് വെള്ളത്തിൽ മാലിന്യം കാണപ്പെടുന്നത്. വാട്ടർ അതോറിറ്റിയുടെ പല്ലാരിമംഗലം പഞ്ചായത്തിലെ വരമ്പുപാറ കുടിവെള്ള പ്ലാന്റിൽ വെള്ളം പമ്പ് ചെയ്യുന്നത് നിർത്തിവച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, മെമ്പർമാരായ എ എ രമണൻ, കെ എം മൈതീൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി സൗമ്യ, ആശാ വർക്കർ നിസ അനസ്, പമ്പ് ഓപ്പറേറ്റർ നവാസ് പാറയിൽ, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ടി പി എ ലത്തീഫ്, കെ റ്റി മുരളി, അനു റോഷൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
പുഴയിൽ നിന്നും ശേഖരിച്ച വെള്ളം വാട്ടർ അതോറിറ്റിയുടെ കോതമംഗലം ജല ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ എത്തിച്ച് നൽകിയിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നതിന് ശേഷമേ വാരമ്പുപാറ കുടിവെള്ള പ്ലാന്റിൽ പമ്പിംഗ് ആരംഭിക്കൂ എന്നും, പുഴിയിലേക്ക് മാലിന്യം ഒഴുക്കിയവരെ കണ്ടെത്തി മാതൃകാപരമമായി ശിക്ഷിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു.