പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആലോചന യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് തല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടിന് അടിവാട് കവലയിൽ നടത്തും. പഞ്ചായത്തിലെ 13 വാർഡിലും പരിസ്ഥിതി ദിനാചരണം നടത്തും. പലയിടങ്ങളിലായി ചിതറി കിടക്കുന്ന പ്ലാസ്റ്റിക് ശേഖരിക്കാനും വൃക്ഷതൈകൾ നടാനും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിക്കും. പരീക്കണ്ണി പുഴയുടെയും മറ്റ് ജലസ്രോതസുകളുടെയും തീരം ഇടിയുന്നത് തടയാൻ ഇല്ലി വെച്ചുപിടിപ്പിക്കും. അങ്കണവാടി കുട്ടികൾക്കായി ‘എന്റെ മരം എന്റെ തണൽ’ പരിപാടി നടത്തും. നല്ല നിലയിൽ വൃക്ഷതൈ പരിപാലിക്കുന്ന അങ്കണവാടിക്ക് സമ്മാനം നൽകും. പരിസ്ഥിതി ദിനം പരിപാടി നന്നായി നടത്തുന്ന വാർഡിനും സംഘടനക്കും പ്രത്യേകം സമ്മാനം നൽകുമെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് മൈതീൻ, നസിയ ഷെമീർ, റിയാസ് തുരുത്തേൽ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, എഡിഎസ്, സിഡിഎസ് അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
