പല്ലാരിമംഗലം: മഴക്കാലമെത്തുന്നതോടുകൂടി ജലജന്യ സാംക്രമിക രോഗങ്ങളായ ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കിണര്‍ ക്ലോറിനേഷന്‍ പരിപാടി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിണര്‍ ക്ലോറിനേഷന്‍ ചെയ്താണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ഇത്തരത്തില്‍ അണുവിമുക്തമാക്കുമെന്ന് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാനകള്‍ ശുചീകരിക്കല്‍, സ്‌കൂള്‍ പരിസര ശുചീകരണം, കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ വാര്‍ഡില്‍ പൂര്‍ത്തിയാക്കി. ആശാവര്‍ക്കര്‍ മേരി ഏലിയാസ്, വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മിറ്റിയംഗങ്ങളായ കെ എ മുഹമ്മദ്, കെ കെ അബ്ദു റഹ്മാന്‍, സിഡിഎസ് അംഗം ഷാജിദ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
