Connect with us

Hi, what are you looking for?

CHUTTUVATTOM

പൈങ്ങോട്ടൂരില്‍ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി സീമ സിബി; യുഡിഫിന്റെ വിശ്വാസ്യത തകർന്നെന്ന് സിപിഐ എം.

കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന സിസി ജെയ്‌സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെതുടര്‍ന്നാണ് ബുധന്‍ രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴുപേര്‍ സീമക്കും നാലുപേര്‍ യുഡിഎഫ് സ്ഥാനാര്‍ഥി മില്‍സി ഷാജിക്കും വോട്ട് ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും 11 ാം വാര്‍ഡ് അംഗവുമായ സിസി ജെയ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. 12 ാം വാര്‍ഡ് കോണ്‍ഗ്രസ് അംഗം ഹരീഷ് രാജപ്പന്റെ വോട്ട് അസാധുവായി. ഒമ്പതാം വാര്‍ഡ് അംഗവും എല്‍ഡിഎഫ് സ്വതന്ത്ര്യയുമായ സീമ സിബിയുടെ പേര് ഏഴാം വാര്‍ഡ് അംഗമായ വിജി ഷിജുവാണ് നിര്‍ദേശിച്ചത്. രണ്ടാം വാര്‍ഡംഗം സണ്ണി മത്തായി പിന്താങ്ങി.

പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ യുഡിഎഫ് വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നുവെന്നും ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളഞ്ഞുവെന്നും സിപിഐഎം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപിയുടെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെയും വീടിരിക്കുന്ന പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായത് അതുകൊണ്ടാണ്. കഴിഞ്ഞകാലങ്ങളില്‍ ജനപ്രതിനിധികളല്ലാത്തവരും പഞ്ചായത്ത് പ്രസിഡന്റും കൂടിച്ചേര്‍ന്നുള്ള കൂട്ടുകച്ചവടമായിരുന്നു പഞ്ചായത്തില്‍ നടന്നിരുന്നത്. ഇതിനെതിരെ നിലപാടെടുത്ത യുഡിഎഫ് സ്വതന്ത്ര്യ അംഗവും യുഡിഎഫ് ഭരണസമിതിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന നിസാര്‍ മുഹമ്മദ് തല്‍സ്ഥാനം രാജിവെക്കുകയും എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രധാന യോഗങ്ങളില്‍ പോലും പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്. പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി, ടെണ്ടര്‍ നടപടിയിലെത്തിയ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി, നിര്‍മാണമാരംഭിച്ച പൊതു ശ്മശാനത്തിന്റെ നടപടി തുടരുന്നതിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രസിഡന്റ് എന്ന നിലയില്‍ സിസി ജെയ്സണ്‍ പരാജയമായിരുന്നുവെന്ന് ഷാജി മുഹമ്മദ് പറഞ്ഞു.

You May Also Like