കുന്നത്തുനാട് : 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമൽ (24) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കും മലയാളികളായ യുവാക്കൾക്കും ആണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഐരാപുരം കമൃത ഭാഗത്തുള്ള ഒരു വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവരുകയായിരുന്നു. ഒറീസയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 21 ഗ്രാം ഹെറോയിൻ, 350 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 4 ഇതര സംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി.സുധീഷ്, എ.എസ്.ഐമാരായ വി.എസ്.അബൂബക്കർ, പി.എ അബ്ദുൾ മനാഫ്, സീനിയർ സി.പി. ഒമാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. റൂറൽ ജില്ലയിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഡാൻസാഫ് ടീമിനെക്കൂടാതെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പ്രത്യേക പോലീസ് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ കേസിൽ ഉൾപ്പെട്ടവരും, മയക്ക് മരുന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും, ഉപയോഗിക്കുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.