കോതമംഗലം: നേര്യമംഗലം വില്ലേജിൽ മണിയംപാറ പ്രദേശത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സങ്കൽപ്പിച്ചു കൊണ്ടാണ് മോക്ഡ്രിൽ നടത്തിയത്.മണ്ണിടിച്ചിൽ ഉണ്ടായതായി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കോതമംഗലം തഹസിൽദാർക്ക് ലഭിച്ച സന്ദേശം ഉടനടി ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡറായ കോതമംഗലം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്ക് കൈമാറുകയും, ബി ഡി ഒ യുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസിന്റെയും,എൽ ആർ തഹസിൽദാർ സുനിൽ മാത്യുവിന്റെയും നേതൃത്യത്തിൽ ഉദ്യോഗസ്ഥ സംഘം മണിയൻപാറയ്ക്ക് തിരിച്ചു.
താലൂക്ക് കൺട്രോൾ റൂമിൽ നിന്നും പോലീസ്,ഫയർഫോഴ്‌സ്, വില്ലേജ് ഓഫീസർ എന്നിവർക്ക് വിവരം കൈമാറുകയും അടിയന്തിരമായി സംഭവ സ്ഥലത്ത് എത്തിച്ചേരുന്നതിന് നിർദേശിക്കുകയും ചെയ്തു.മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളും,സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേയ്ക്ക് മാറ്റുകയും ചെയ്തു. കുടുതൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി താമസിപ്പിച്ചു.
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പൊതുവായ ക്യാമ്പ്,60 വയസ്സിന് മേൽ പ്രായമുള്ളവർക്കായുള്ള ക്യാമ്പ്, കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്കുള്ള ക്യാമ്പ്,നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള ക്യാമ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളായി തിരിച്ചാണ് ക്യാമ്പുകൾ തയ്യാറാക്കിയത്.മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട മോക്ഡ്രില്ലിനു ശേഷം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുകയും ചെയ്തു.
📲 Join Whatsapp Group
https://chat.whatsapp.com/DacNR34wLQfKFGwmAko2M3