കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നേര്യമംഗലത്തെ ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടുകാരും യാത്രക്കാരും നിരവതി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞ് നോക്കിയില്ല. ബസ്റ്റാന്റ് പ്രദേശം ടാറിംഗ് ജോലികൾ നടത്തുന്നതിനിടയിൽ റോളർ ഇടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. എന്നാൽ ഭരണ സമിതിയിലെ ചില തൽപരകക്ഷികൾക്ക് കോൺട്രാക്ടർ വേണ്ടപ്പെട്ടതായതിനാൽ തന്ത്രപൂർവ്വം ഒഴിവാക്കി. കോൺട്രാക്ടറിൽ നിന്നും നഷ്ടം മേടിച്ച് തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാമായിരുന്നു.
രണ്ട് വർഷമായിട്ടും യാത്രക്കാർ ഏത് സമയത്തും നിലംപൊത്താറായ കാത്തിരിപ്പ് കേന്ദ്രത്തെയാണ് ആശ്രയിച്ചു വരുന്നത്. ലോക് ഡൗൺ കാലവും സ്ക്കൂൾ തുറക്കാത്തതും കാത്തിരിപ്പ് കേന്ദ്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടാത്തത് ഭാഗ്യമായി നാട്ടുകാർ കരുതുന്നു. മേച്ചിൽഷീറ്റ് കീറിപ്പറിഞ്ഞിരിക്കുന്നു. തറ പൂർണ്ണമായി തകർന്നു. സംരക്ഷണ ഫിത്തി ഏത് സമയത്തും നിലംപൊത്തിയേക്കാം. ഇടുക്കി, മധുര, മൂന്നാർ ഭാഗത്തേക്ക് യാത്രക്കാർക്ക് ഈ സ്റ്റാന്റിൽ വന്ന് പോകേണ്ടി വരുന്നു. ജില്ലാ കൃഷിത്തോട്ടം, നവോദയ സ്ക്കൂൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശവും കൊച്ചി-ധനുഷ് ക്കോടി ദേശീയപാതക്ക് സമീപത്തുമാണ് പൂർണ്ണമായി തകർന്ന കാത്തിരിപ്പ് കേന്ദ്രം.
തകർന്ന കാത്തിരിപ്പ് കേന്ദ്രം എത്രയും പെട്ടെന്ന് പുനസ്ഥാപിച്ച് നാട്ടുകാരുടേയും യാത്രക്കാരുടേയും ജീവൻ സംരക്ഷിക്കണമെന്ന് ജനതാദൾ (എൽ.ജെ.ഡി ) ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽ.ജെ.ഡി.നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപിയും കവളങ്ങാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.കെ.സുബാഷും പറഞ്ഞു. ഫോട്ടോ: നേര്യമംഗലം ബസ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്ന നിലയിൽ.