കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റർ വാഷ് കണ്ടെത്തി കേസ്സെടുത്തു. ജില്ലാ കൃഷിത്തോട്ടത്തിനു ചേർന്നുള്ള പമ്പ് ഹൗസിന് സമീപം പുഴയോരത്ത് കുറ്റിക്കാടുകൾക്കിടയിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
വാഷ് തയ്യാറാക്കി സൂക്ഷിച്ച വരെക്കുറിച്ച് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്. കൃഷിത്തോട്ടത്തിലെ ജീവനക്കാർക്കാർക്ക് പങ്കുണ്ടോയെന്ന് വിശദമായി അന്വേഷിക്കുന്നതാണ്. കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസൽ, പ്രിവ. ഓഫീസർമാരായ വി.ഇ.അയൂബ്, സതീശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെറിൻ, ഷാജി, സുജിത്ത്, രഞ്ജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.