മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് മാതാവിനെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മാതാവ് കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇളയമകന്‍ ജിജോ താമസിക്കുന്ന പോത്താനിക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് വെളിയംകുന്ന് കോളനിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കൗസല്യയെ കല്ലൂര്‍ക്കാടുള്ള വീട്ടില്‍ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ അടിവാടുള്ള ഈ വീട്ടിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ അഴിച്ചിട്ടശേഷം മാതാവിന്റെ മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. ഈ വിവരങ്ങള്‍ തെളിവെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ സമ്മതിച്ചു. കല്ലൂര്‍ക്കാട് സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ എഡിസണ്‍ മാത്യു, ജിഎഎസ്‌ഐ ഗിരീഷ് കുമാര്‍, കെ ആര്‍ ബിനു, പോത്താനിക്കാട് എസ്‌ഐ ശരണ്യ എസ് ദേവന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്. രാവിലെ അടിവാട് വെളിയാംകുന്നിലെത്തിയ അന്വേഷണ സംഘം വീട്ടിലും പരിസരങ്ങളിലുമായി നടത്തിയ തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. തെളിവെടുപ്പിന് പ്രതിയെ എത്തിച്ചപ്പോള്‍ ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്്. പൊലീസ് ഇവരില്‍ നിന്നും മൊഴിയെടുത്തു.
സ്വാഭാവിക മരണം ധരിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട കൗസല്യയുടെ മൂക്കിന് പുറമെ കൈനഖം കൊണ്ടുണ്ടായ മുറിവ് അന്വേഷണത്തിന് വഴിത്തിരിവാവുകയായിരുന്നു. ഇളയമകന്‍ ജിജോയുടെ കൈനഖം കൊണ്ട് മുറിവുണ്ടായതാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ പണത്തിന് വേണ്ടി കൗസല്യയെ കൊലപ്പെടുത്തി മൂന്ന് പവന്‍ മാലകവര്‍ന്നെടുത്ത ശേഷം അമ്മ കൗസല്യയുടെ പേരില്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച
50 ,000 രൂപയും സ്വന്തമാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.