Connect with us

Hi, what are you looking for?

NEWS

മുളളരിങ്ങാട് പള്ളി തർക്കത്തിൽ കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി ഇടുക്കി കളക്ടർ; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.

കോതമംഗലം/വണ്ണപ്പുറം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തീവ്ര ബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്ഥലത്തിന് സമീപമുള്ള മുള്ളരിങ്ങാട് സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ഇടവകക്കാരെ ഇറക്കി വിട്ട് ഒരംഗം മാത്രമുള്ള കോട്ടയം മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് വേണ്ടി പള്ളി പിടിച്ച് കൊടുത്ത നടപടിയുടെ നടത്തിപ്പിനെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം. ഇടുക്കി കളക്ടർ എച്ച്.ദിനേശൻ ഐ.എ.എസ്, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പോലീസിനെ വിന്യസിപ്പിച്ച് പിടിച്ച് കൊടുക്കേണ്ട സാഹചര്യത്തെ കുറിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. കേരള സർക്കാരിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് നാല് ആഴ്ചക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ്റെ ഉത്തരവ്.

മുള്ളരിങ്ങാട് പള്ളി വിഷയത്തിൽ ഇടപെട്ട പോലീസ് റവന്യൂ അധികാരികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടം കൂടിയതിനെ ചോദ്യം ചെയ്ത് നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ ഇടപെടൽ. കോവിഡ് നിയന്ത്രണത്തിൻ്റെ മാർഗ്ഗരേഖകൾ പൊതു ജനത്തിന് വ്യക്തമാക്കി കൊടുക്കുവാൻ ചുമതലയുള്ള ഇടുക്കി കളക്ടർ തന്നെ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടി കാട്ടി തെളിവുകളടക്കം എറണാകുളം പുത്തൻകുരിശ് സ്വദേശി ജിബിൻ വർഗീസ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തി കൊണ്ടാണ് ദേശിയ മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.

 

യാക്കോബായ സഭയുടെ പൂർണ്ണ അവകാശത്തിലിരിക്കുന്ന മുള്ളരിങ്ങാട് സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി ഒരംഗം മാത്രമുള്ള ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് പളളി പിടിച്ച് കൊടുക്കൽ താല്ക്കാലികമായി നിർത്തിവയ്ക്കണമെന്നും, തീവ്ര ബാധിത മേഖലകളോട് ചേർന്ന് കിടക്കുന്ന മുള്ളരിങ്ങാട് പള്ളി യാക്കോബായ വിശ്വാസികളിൽ നിന്ന് ബലമായി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്ന സാഹചര്യമുണ്ടായാൽ കോവിഡിൻ്റെ സമൂഹ വ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി ഇടുക്കി കളക്ടർ എച്ച്. ദിനേശൻ ഐ.എ.എസിന് നൽകിയിരുന്നു.

എന്നാൽ കളക്ടർ വണ്ണപ്പുറം പഞ്ചായത്തിൻ്റെ ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പള്ളിയിലും പരിസരത്തും നൂറ് കണക്കിന് പോലീസിനെ വിന്യസിപ്പിച്ച് 2020 ജൂലൈ 9ന് വൈകിട്ടോടെ പള്ളി പോലീസ് വലയത്തിലാക്കിയിരുന്നു. സ്വാഭാവികമായും മഹാഭൂരിപക്ഷമുള്ള യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി എത്തുന്ന സാഹചര്യം മുന്നിൽ കണ്ടായിരുന്നു ഈ നടപടി.

യാക്കോബായ വിശ്വാസികൾക്ക് നീതി നഷ്ടപ്പെടുന്ന സാഹചര്യം കണ്ടപ്പോൾ പ്രദേശവാസികളായ ഇതര മതസ്ഥരടക്കം നിരവധി പേർ പ്രതിഷേധവുമായി പള്ളിക്ക് സമീപം തടിച്ച് കൂടിയിരുന്നു. യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിലേക്ക് ഔദ്യോഗികമായി പിടിച്ചെടുക്കുവാൻ നിയോഗിച്ചതെന്ന് കരുതുന്ന വ്യക്തി കോവിഡ് തീവ്ര ബാധിത പ്രദേശത്തോട് ചേർന്നുള്ള കായംകുളം കറ്റാനത്ത് നിന്ന് അന്നേ ദിവസം മുളളരിങ്ങാട് പള്ളിയിലും എത്തിയിരുന്നു. കോവിഡ് ബാധിത മേഖലയിൽ നിന്ന് ഈ വ്യക്തി എത്തിയതും പോലീസിൻ്റെ വീഴ്ചയായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂവെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.

കോടതി വിധി നടത്തിപ്പിൻ്റെ പശ്ചാത്തലത്തിൽ നടന്ന സമൂഹ വ്യാപനത്തിൽ മുള്ളരിങ്ങാട് മേഖലയിൽ മാത്രം ഇന്ന് രോഗബാധിരുടെ എണ്ണം പത്ത് കടന്നു. നിരവധിയാളുകളാണ് ഇപ്പോഴും രോഗ ലക്ഷണങ്ങളുമായി വീടുകളിൽ കഴിയുന്നത്. ഇനിയും കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുമെന്ന് തന്നെയാണ് വിലയിരുത്തൽ. വണ്ണപ്പുറം പഞ്ചായത്തിലെ സർവ്വ കക്ഷി പ്രതിനിധികൾ യോഗം ചേർന്ന് വണ്ണപ്പുറം പഞ്ചായത്ത് പൂർണ്ണമായും അടിച്ചടുവാൻ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. നിയമ പ്രകാരം ഒരു സ്ഥലത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുവാൻ ജില്ലാ കളക്ടർക്കാണ് അധികാരമുള്ളത്. ഇടുക്കി ജില്ലാ കളക്ടറുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് ഈ നാടിനെ എത്തിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മുള്ളരിങ്ങാട് മേഖലയിൽ പടർന്ന കോവിഡ് സമൂഹ വ്യാപനം കളക്ടർ തന്നെ ഇടപെട്ട് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് പ്രദേശവാസികൾ.

You May Also Like