കോതമംഗലം: നാട്ടുകാർക്ക് കൗതുകമായി ഹനുമാൻ കുരങ്ങിന്റെ വിരുന്നെത്തൽ. നേര്യമംഗലത്തും, ഭൂതത്താന്കെട്ടിന് സമീപവുമാണ് ഈ വാനരൻ എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം കുരങ്ങാണ് ഹനുമാന്‍ കുരങ്ങ്. ഇത് മറയൂർ, ചിന്നാർ മേഖലയിൽ സാധാരണയായി കാണാമെന്നു കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനും, പക്ഷി നിരീക്ഷകനുമായ ഡോ. എബി പി വര്ഗീസ് പറഞ്ഞു.
കൊച്ചി–ധനുഷ്കോടി ദേശീയപാതയ്ക്കരികില്‍ നേര്യമംഗലം മസ്ജിദിനുസമീപവും, ടൗണിലെ സ്വകാര്യ ആശുപത്രിക്ക് സമീപവും എത്തി. നാട്ടുകാര്‍ കുടിയതോടെ സമീപവീടുകളുടെയും
വ്യാപാരസ്ഥാപനങ്ങളുടെയും ടെറസുകളിലേക്ക് കുരങ്ങ് ഓടിക്കയറി. ഇതിനിടെ വനം
വകുപ്പ് ഉദ്യോഗസ്ഥര്‍ വലയും മറ്റുമായി സ്ഥലത്ത് നിലയുറപ്പിച്ചു.
ഇതോടെ നേര്യമംഗലം ടൗണിലെ ടെലിഫോണ്‍ ടവറിനുമുകളിലേക്ക് ഓടിക്കയറിയശേഷം കാണാതായി. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തട്ടേക്കണ്ണി ഭാഗത്ത് കണ്ടതായും തട്ടേക്കാട് പക്ഷി സാങ്കേതത്തിന്റെ ഭാഗത്തേക്ക് പോയതായും നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ ഭൂതത്താന്കെട്ടിന് സമീപം മയിലാടും കുന്നിൽ ശങ്കരത്തിൽ ഷിബുവിന്റെ വീടിന്റെ മുകളിൽ കുരങ്ങിനെ കണ്ടതായി പറയുന്നു. ഇവയുടെ ശരീരം ചാരനിറത്തിലുള്ള രോമങ്ങളോടും, മുഖവും ചെവിയും കറുത്ത നിറത്തോടെയുമാണ്. തലയില്‍ തൊപ്പിപോലുള്ള രോമവും
വാലിന് ഉടലിനെക്കാള്‍ നീളവുമുണ്ട്.
നേര്യമംഗലം കാടുകളിൽ കുരങ്ങുകള്‍ ധാരാളം ഉണ്ടെങ്കിലും ഹനുമാന്‍ കൂരങ്ങിനെ കാണാറില്ലെന്നും തമിഴ്നാട്ടില്‍നിന്ന് പച്ചക്കറിവണ്ടി യില്‍ എത്തിയതാകാമെന്നും
നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജിജി സന്തോഷ് പറഞ്ഞു.