കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്ഥാപക പിതാവ് പരിശുദ്ധ പൗലോസ് മാർ അത്തനേഷ്യസ് തിരുമേനി ക്രാന്തദർശിയായ മഹാരഥനെന്ന് മുൻ ചീഫ് സെക്രട്ടറി വി. പി. ജോയ് ഐ എ എസ്. കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സംഘടിപ്പിച്ച 71-മത് മാർ അത്തനേഷ്യസ് അനുസ്മരണ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാളുകളിൽ കോതമംഗലം പോലെ വിദൂരമായ മലയോര മേഖലയിൽ വലിയ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിക്കുവാൻ കഴിയുമെന്ന് ചിന്തിക്കുകയും, അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് ആവശ്യമായ സമിതികൾ രൂപീകരിച്ചുകൊണ്ട് അത് മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത മഹാരഥനാണ് മാർ അത്തനേഷ്യസ് എന്ന ആലുവയിലെ വലിയ തിരുമേനിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെപോലെ ഗതാഗത, വാർത്തവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ തികച്ചും ഗ്രാമീണ അന്തരീക്ഷമുള്ള കോതമംഗലത്ത് ആർട്സ്& സയൻസ്, എൻജിനീയറിംഗ് കോളേജുകൾ സ്ഥാപിച്ചുകളയാമെന്ന് വിചാരിക്കുന്നത് തന്നെ ഒരു പക്ഷെ വലിയ അത്ഭുതകരമായ കാര്യമാണെന്ന് വി. പി. ജോയ് പറഞ്ഞു. ചടങ്ങിൽ പൂർവ്വ പിതാക്കന്മാരെയും അനുസ്മരിച്ചു.എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എം. എ. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, അടിമാലി മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. എം. എ. കോളേജ് അസോസിയേഷൻ ഗവേർണിങ് ബോഡി അംഗങ്ങൾ, ഷെയർ ഹോൾഡേഴ്‌സ്, അത്തനേഷ്യസ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽമാർ,അദ്ധ്യാപക- അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ വ്യക്തിത്വങ്ങൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.