കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ സ്വദേശിയുടെ മകൾക്ക് യു.കെയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പതിനൊന്ന് ലക്ഷത്തോളം പല തവണകളായി കൈപ്പറ്റുകയായിരുന്നു. കോതമംഗലം മുനിസിപ്പാലിറ്റി റവന്യു ടവറിൽ പ്രവർത്തിക്കുന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമയാണ് അറസ്റ്റിലായ മർക്കോസ്. പണം കൈപ്പറ്റിയ ശേഷം വിസയും, ജോലിയും നൽകാതെ കബളിപ്പിക്കുകയായിരുന്നു.പഠനാവശ്യത്തിനോ, ജോലിയ്ക്കായോ ആളുകളെ വിദേശത്ത് അയക്കുന്നതിന് നിയമാനുസൃതമായ ലൈസൻസ് റിക്രൂട്ട്മെന്റ് സ്ഥാപനത്തിനുണ്ടായിരുന്നില്ല. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐ ആൽബിൻ സണ്ണി, എ.എസ്.ഐ രഘുനാഥ്, സീനിയർ സി.പി.ഒ മാരായ ടി.എൻ സ്വരാജ്, പി.എം. നിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
