കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ സോൺ ടീമിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരള ടീമിലേയ്ക്കുള്ള സെലക്ഷൻ മത്സരങ്ങളിലേയ്ക്ക് നെവിൻ തിരഞ്ഞെടുക്കപ്പെട്ടത്. സെലക്ഷൻ മത്സരങ്ങളിൽ നേടിയ രണ്ട് സെഞ്ചുറികളുടെ പിൻബലത്തോടെ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരള ടീമിലേയ്ക്കുള്ള പ്രവേശനത്തിന് അവസരമൊരുക്കിയത്. ഡിസംബർ 6 മുതൽ 30 വരെയുള്ള തീയതികളിൽ ലക്നൗവിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹിമാചൽ പ്രദേശിൽ നടക്കുന്ന പരിശീലന മത്സരങ്ങൾക്കായി നെവിൻ പുറപ്പെട്ടു.
കോതമംഗലം, പാലക്കാടൻ പോൾ പി. മാത്യുവിൻ്റെയും ടിന പോളിൻ്റെയും മകനായ നെവിൻ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതലേ എം എ ഇൻ്റർനാഷണൽ സ്കൂൾ ക്രിക്കറ്റ് കോച്ച് മനു വി. എം നു കീഴിലാണ് പരിശീലനം. കൂടാതെ എം എ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും പരിശീലനം നേടുന്നുണ്ട്. മികച്ച നേട്ടം കരസ്ഥമാക്കിയ നെവിനെ സ്കൂൾ മാനേജ്മെൻ്റും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.



























































