Connect with us

Hi, what are you looking for?

NEWS

സന്തോഷ്ട്രോഫി കേരള ഫുട്ബോൾ ടീം സഹപരിശീലകനായി എംഎ കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി

കോതമംഗലം : 2024-25 വർഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സംസ്ഥാന ടീമിന്റെ പരിശീലകരായി
തൃശൂർ സ്വദേശിയും,മംഗലാപുരം യെനെപോയ യൂണിവേഴ്സിറ്റി യുടെയും,ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പരിശീലകനുമായ
ബിബി തോമസിനേയും , സഹ പരിശീലകനായി പ്രൊഫ. ഹാരി ബെന്നിയേയും കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു.
സെപ്റ്റംബറിൽ പാലായിൽ വച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും, മറ്റു സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ അണിനിരത്തി കൊണ്ടായിരിക്കും ഈ വർഷത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം തിരഞ്ഞെടുപ്പ്.

ഇത് രണ്ടാം തവണയാണ് ഹാരി ബെന്നിയെ സംസ്ഥാന സീനിയർ ടീമിന്റെ സഹപരിശീലകനായി നിയോഗിക്കുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം മേധാവിയാണ് പ്രൊഫ.ഹാരി ബെന്നി. കഴിഞ്ഞവർഷം നടന്ന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ ഫൈനലിൽ എത്തിക്കുകയും ടീം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഐ ലീഗ് തേർഡ് ഡിവിഷനിലേക്ക് യോഗ്യത നേടുകയും ചെയ്തത് ഹാരിയുടെ പരിശീലന മികവിലായിരുന്നു . കൂടാതെ എം ജി സർവകലാശാല ഫുട്ബോൾ ടീമിനെ ദേശീയതലത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കുകയും ചെയ്തു. എം ജി സർവ്വകലാശാല ചരിത്രത്തിൽ ആദ്യമായി ദേശീയ കിരീടം ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പ് നേട്ടത്തിലൂടെ കൈവരിക്കുമ്പോൾ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഇദ്ദേഹം . ഇതിനോടകം തന്നെ ഫുട്ബോൾ പരിശീലകർക്കായുള്ള ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ബി ലൈസൻസ് സർട്ടിഫിക്കറ്റുകളും, ഗോൾകീപ്പിംഗ് പരിശീലകനായി ലെവൽ- 2 സർട്ടിഫിക്കറ്റുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

2018 മുതൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനെ പ്രൊഫഷണൽ ലീഗിലേക്ക് എത്തിക്കുന്നതിലും കോതമംഗലത്തിന്റെ മണ്ണിൽ പ്രൊഫഷണൽ ഫുട്ബോളിന് തുടക്കം കുറിക്കുന്നതിലും പ്രൊഫ. ഹാരി ബെന്നി എന്ന നാൽപതുകാരന്റെ പങ്ക് വളരെ വലുതാണ്. കോതമംഗലം മാർ ബേസിൽ സ്കൂളിലെ ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച ഇദ്ദേഹം തുടർന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും, യൂണിവേഴ്സിറ്റി മത്സരങ്ങളിലും, ദേശീയ മത്സരങ്ങളിലും കുപ്പായം അണിഞ്ഞിട്ടുണ്ട്.
2014 ലാണ് കോതമംഗലം എം.എ കോളേജിൽ കായിക അധ്യാപകനായി പ്രവേശിക്കുന്നത്. 2017 മുതലുള്ള കാലയളവിൽ എം. എ ഫുട്ബോൾ അക്കാദമിയുടെ ഉദയവും കോതമംഗലത്തിന് സ്വന്തമായ ഒരു പ്രൊഫഷണൽ ക്ലബ്ബും വളർത്തിയെടുക്കുകയും കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോളേജ് ടീമിനെ പ്രൊഫഷണൽ ലീഗിൽ എത്തിക്കുകയും, തുടർന്ന് മൂന്നുവർഷക്കാലം അതിൽ മികച്ച മുന്നേറ്റം നടത്തുവാനും എം എ ഫുട്ബോൾ അക്കാദമിക്ക് സാധിച്ചു. ഈ കാലയളവിൽ നിരവധി താരങ്ങൾ ഈ പരിശീലന കളരിയിൽ നിന്നും കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ക്ലബ്ബുകളിലേക്ക് ചേക്കേറുവാൻ അത് കാരണമായി തീർന്നു.
തന്റെ നേട്ടങ്ങൾക്കും വളർച്ചയ്ക്കും എന്നും സുപ്രധാനമായ പങ്കു വഹിച്ചത് എം എ കോളേജ് ആണെന്ന് ഹാരി സാക്ഷ്യപ്പെടുത്തുന്നു.
പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുബംഗാമാണ്. ഭാര്യ വിനീത. മക്കൾ :ഹെവിൻ, ഹന്ന

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!