കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ്, ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ സഹകരണത്തോടെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രക്ത മൂല കോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് (ബ്ലഡ് സ്റ്റംസെൽ ) സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിര്‍വ്വഹിച്ചു.
രക്താർബുദം ഉൾപ്പെടെയുളള മാരക രോഗങ്ങളിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ രക്തമൂലകോശങ്ങൾക്കു സാധിക്കും.ക്യാമ്പിന് മുന്നോടിയായി
ധാത്രിയിൽ നിന്നുള്ള അതുല്യ കൃഷ്ണനും, രതീഷ് സുജാതനും ഓറിയൻ്റേഷൻ ക്ലാസ്സുകൾക്ക് നേതൃത്വം നല്‍കി. പൊതു സമൂഹത്തില്‍ നിന്നും പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഏകദേശം 250ൽ പരം ദാതാക്കൾ രക്തമൂല കോശദാനത്തിനു ജനിതക സാമ്യം നിർണയിക്കുന്ന എച്ച്എൽഎ ടൈപ്പിങ് പരിശോധനക്കുവേണ്ടി
ബ്ലഡ് സ്റ്റെം സെൽ രജിസ്ട്രിയിൽ പേർ ചേർത്തു.പരിപാടിയിൽ മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മാത്രമല്ല സമീപത്തെ സ്‌കൂളുകളിൽ നിന്നും, കോളേജുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആവേശകരമായ പങ്കാളിത്തം ലഭിച്ചു.
രക്തത്തിലെ മൂലകോശ ദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സാധ്യതയുള്ള ദാതാക്കളായി രജിസ്റ്റർ ചെയ്യാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്യാമ്പ് ഉപകരിച്ചു .രക്താർബുദം പോലുള്ള നൂറിലേറെ മാരക രോഗങ്ങൾക്കുളള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം (ബ്ലഡ് സ്റ്റം സെൽ) മാറ്റി വയ്ക്കൽ. രക്തമൂല കോശത്തിനു ജനിതക സാമ്യം വേണം. കുടുംബത്തിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 ശതമാനത്തിൽ താഴെ മാത്രമാണ്. പുറമേ നിന്നു കണ്ടെത്താനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്ന് വരെയാകാം. ക്യാമ്പിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഫേബ കുര്യൻ, ഡോ. എൽദോസ് എ വൈ എന്നിവർ നേതൃത്വം നൽകി