കോതമംഗലം : ഹൈദരാബാദിൽ നടക്കുന്ന സബ്ജൂനിയർ & ജൂനിയർ എക്യുപ്പ്ഡ് ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മാർ അത്തനേഷ്യസ് പവർ ലിഫ്റ്റിങ് അക്കാദമിയിൽ നിന്നും സോനാ ബെന്നി 43 കിലോ ഗ്രാം ജൂനിയർ വിഭാഗത്തിൽ സ്വർണ്ണം നേടി, മിന്നും താരമായി. ഇതിനു പുറമെ അഞ്ജലി പി ആർ 76 കിലോ ഗ്രാം വിഭാഗത്തിലും, ആദിത് എ 74 കിലോ സബ് ജൂനിയർ വിഭാഗത്തിലും വെള്ളി മെഡലുകളും കരസ്ഥമാക്കി. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് എക്യുപ്ഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് എം. എ.കോളേജിൽ നിന്നും മൂന്നു കായിക താരങ്ങൾ പങ്കെടുക്കുകയും അവർ സ്വർണ്ണം കരസ്ഥമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല പവർ ലിഫ്റ്റിങ്ങിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എം. എ.കോളേജ് ചാമ്പ്യന്മാരായിരുന്നു. ഈ വിജയത്തോടെ അത്ലറ്റിക്സിൽ മാത്രമല്ല പവർ ലിഫ്റ്റിങ്ങിലും തങ്ങൾ പവർ ഫുൾ ആണെന്ന് എം. എ. യുടെ മിന്നും താരങ്ങൾ തെളിയിക്കുകയാണ്. വിജയികളെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്,കോളേജ് പ്രിൻസിപ്പാൾ ഡോ. ഡെൻസിലി ജോസ്, കായിക വിഭാഗം മേധാവി പ്രൊഫ.ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.
ചിത്രം : ഇടത് നിന്ന് ആദിത് എ, സോനാ ബെന്നി, അഞ്ജലി പി ആർ.