Connect with us

Hi, what are you looking for?

NEWS

ലോക്ക് ഡൗൺ സമയത്ത് സ്വന്തമായി കെ എസ് ആർ ടി സി ബസ് പണിതിറക്കി കോതമംഗലം സ്വദേശിയായ യുവാവ്

ഏബിൾ. സി. അലക്സ്‌.

കോതമംഗലം: സ്വന്തമായി കെ എസ് ആർ ടി സി ബസുള്ള ഒരു യുവാവ് കോതമംഗലത്തുണ്ട്. കോതമംഗലം തൃക്കാരിയൂർ സ്വദേശി രാഹുൽ കെ ആർ ആണ് ആ ചെറുപ്പക്കാരൻ. ലോക്ഡൗണിനിടയിലും രാഹുലിന്റെ കരവിരുതിൽ, ബസിനും, അമ്പലത്തിനും എല്ലാം പുതുജീവൻ വക്കുന്നു. ബസുകളുടെയും, അമ്പലത്തിന്റെയും മാതൃക (മിനിയേച്ചർ ) ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നിർമിച്ചു ജന മനസ്സിൽ ഇടം നേടുകയാണ് രാഹുൽ. പിവിസി ഫോം ഷീറ്റ് ഉപയോഗിച്ചാണ് ഈ മാതൃകകൾ രാഹുൽ നിർമിക്കുന്നത്.

ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരുന്നപ്പോൾ വിരസതയകറ്റാൻ ആദ്യം കാർഡ് ബോർഡിൽ നിർമിച്ച് പരീക്ഷിച്ചു. പിന്നീടാണ് ബോർഡുകൾ നിർമിക്കുന്ന പിവിസി ഫോം ഷീറ്റ് ഉപയോഗിച്ചുള്ള നിർമാണത്തിലേക്ക് തിരിഞ്ഞത്. ബസിനുള്ളിൽ സീറ്റുകൾ, ചവിട്ടുപടി എന്നിവ ഉൾപ്പെടെയാണ് തയാറാക്കുന്നത്. വാതിലുകൾ തുറക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വാഹനമോ, അമ്പലമോ തയാറാക്കാൻ സാധാരണ ഗതിയിൽ 4, 5 ദിവസം വേണ്ടിവരും എന്ന് ഈ യുവാവ് പറയുന്നു.

ഒറിജിനൽ വാഹനത്തിന്റെ അളവ്, സ്കെയിൽ അളവിലേക്ക് മാറ്റിയാണ് നിർമിക്കുന്നത്. അതിനു ശേഷം പെയിന്റ് ചെയ്യും. ആവശ്യമനുസരിച്ച് വാഹനത്തിനുള്ളിൽ ലൈറ്റ് ക്രമീകരണവും ചക്രങ്ങൾ തിരിക്കാവുന്ന സംവിധാനവും ഒരുക്കും. ഇതിനോടകം രാഹുലിന്റെ മിനിയേച്ചറുകൾ നാട്ടിലും, പുറത്തും ജന ശ്രദ്ധ നേടുകയാണ്. ഡ്രൈവിങ് ജോലിയുടെ ഇടവേളകളിൽ വീട്ടിൽ ഇരുന്നാണ് രാഹുൽ തന്റെ കലാപരമായ കഴിവുകൾ പുറത്തെടുക്കുന്നത്.

മലയാളികളുടെ പ്രിയ താരം മോഹൻലാലിന് കാരവാന്റെ മിനിയേച്ചർ നിർമിച്ചു നൽകി അദ്ദേഹത്തിന്റെ പ്രശംസ നേടിയെടുക്കാനും രാഹുലിന് കഴിഞ്ഞു. കോതമംഗലം തൃക്കാരിയൂർ കൊച്ചുവട്ട പറമ്പിൽ രാജപ്പന്റെയും, അംബിക യുടെയും മകനാണ് രാഹുൽ. സഹോദരി രാധിക നെല്ലിക്കുഴി ദയ ബഡ്‌സ് സ്കൂളിൽ പഠിക്കുന്നു.

വാട്ട്സ്ആപ്പിൽ വാർത്തകൾ ലഭിക്കുവാൻ കോതമംഗലം വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..  https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like