കോതമംഗലം: കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നീണ്ടപാറയില്‍ നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞിട്ട് നടത്തിവന്ന സമരം അവസാനിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ തുടര്‍ച്ചയായി കാട്ടാനക്കൂട്ടമെത്തി കര്‍ഷകരുടെ കൃഷി നശിപ്പിച്ചിരുന്നു. കൃഷി നാശം അന്വേഷിക്കാന്‍ വനപാലക സംഘം എത്തിയപ്പോള്‍ പീതാംബരന്‍ എന്ന കര്‍ഷകന്‍ വനം വകുപ്പിന്റെ വാഹനത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിക്കുകയും കൂടുതല്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തി സമരത്തില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നാളെ ജനജാഗ്രത സമിതി കൂടാമെന്നും, ഫെന്‍സിംഗ് ഇടുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്നും ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.