കോതമംഗലം: – തട്ടേക്കാട്, ഞായപ്പിള്ളി ജുമാ മസ്ജിദിന് സമീപം തേക്കുംകുടിയിൽ
ജോയിയുടെ പുരയിടത്തിൽ പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പച്ചു.
തട്ടേക്കാട് – കുട്ടമ്പുഴ റോഡരികിലെ വീടിനു മുൻവശത്ത് കൃഷി ചെയ്തിരുന്ന നിരവധി വാഴകളാണ് കാട്ടാനക്കൂട്ടം ചവിട്ടിയും, തിന്നും നശിപ്പിച്ചത്. സമീപത്തുള്ള പുരയിടങ്ങളിലും പല ദിവസങ്ങളിലായി കൃഷി നാശംസംഭവിച്ചിട്ടുണ്ട്.
രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്നതും ജനവാസ കേന്ദ്രവുമായ ഇവിടെ കാട്ടാനക്കൂട്ടം എത്തിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
കാട്ടനാക്കൂട്ടം നാശം വിതച്ച സംഭവം അറിയിക്കാനായി വനം വകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് സ്ഥലം ഉടമ ബേസിൽ തേക്കുംകുടിയിൽ പറഞ്ഞു.
വിവരമറിഞ്ഞ് പരിസര വാസികളും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോഷി പൊട്ടക്കൽ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി KA തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.