NEWS
വനം, വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയനിലപാട് : മന്ത്രി എ കെ ശശീന്ദ്രൻ, കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : വനം,വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സർക്കാരിന്റെ നയമല്ല.കാടിനെ സംരക്ഷിക്കുക നാടിനെ കേൾക്കുക എന്നതാണ് വന സൗഹൃദ സദസ്സുകൾ വഴി ലക്ഷ്യമിടുന്നത്.ഏപ്രിൽ രണ്ടിന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ തുടക്കം കുറിച്ച ഈ ഉദ്യമം കുട്ടമ്പുഴയിൽ വരെ എത്തി നിൽക്കുകയാണ്.ഏറെ വിജയകരമായാണ് ഓരോ വന സൗഹൃദ സദസ്സുകളും നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ ഈ പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്.വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി മുൻപോട്ട് പോവുകയാണ് ലക്ഷ്യം.സങ്കീർണമല്ലാത്ത വിഷയങ്ങളിൽ രണ്ടാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം.പരാതികളും നിവേദനങ്ങളുമുള്ളവർ ‘പരിവേഷ് പോർട്ടൽ’ വഴി പരിഹാരം തേടാൻ ശ്രമിക്കണം.
വന്യജീവികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഈ വിഷയത്തിൽ പരിമിതികൾ ഏറെയുണ്ടെങ്കിലും ജനോപകാരപ്രദമായി സാധ്യമാകുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. വന മേഖലയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിയ്ക്കുന്നത് സംബന്ധിച്ച് ന്യായമായ തീരുമാനം കൈക്കൊള്ളും. കാടിന്റെ സ്വാഭാവികതയെ മാറ്റിമറിയ്ക്കുന്ന വൃക്ഷങ്ങൾ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പിന്റെ എൻ.ഒ.സി തേടുന്നവർക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രിയാത്മക സംവാദത്തിന് വേദിയാവുകയായിരുന്നു
വനസൗഹൃദ സദസ്സിന് മുന്നോടിയായി ക്രമീകരിച്ച വന സൗഹൃദ ചർച്ച. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വന പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ ജനപ്രതിനിധികൾ തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും പരാതികളും മുന്നോട്ട് വച്ചു.
പ്രധാനമായും വന്യജീവികൾ ജനവാസ മേഖയിലേക്ക് ഇറങ്ങുന്നത് മൂലമുള്ള പ്രശ്നങ്ങളാണ് ജനപ്രതിനിധികൾ ഉന്നയിച്ചത്. എന്തുകൊണ്ട് വന്യജീവികൾ വനത്തിന് പുറത്തേക്ക് വരുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയ മായ പഠനം നടത്തണം.
അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ വേണം. ട്രെഞ്ചിങ് , ഫെൻസിങ് സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കണം. പുഴയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കണം. പട്ടയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളിലും പരിഹാരം വേണം, ആലുവ മൂന്നാർ രാജ പാത തുറക്കുന്നതിൽ അനുകൂല തീരുമാനം വേണം. വന്യജീവികൾ മൂലമുണ്ടാകുന്ന
കൃഷിനാശത്തിന് വേണ്ടത്ര നഷ്ടപരിഹാരം നൽകണം. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്ന് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങൾ ജനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്,ആന്റണി ജോൺ എം എൽ എ,റോജി എം ജോൺ എം എൽ എ,മധ്യമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ ആർ അനൂപ്,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വിജിലൻസ് ആന്റ് ഇന്റലിജൻസ്) പ്രമോദ് ജി കൃഷ്ണൻ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യൻ,ജെസ്സി സാജു,മിനി ഗോപി,ശിൽപ സുധീഷ്,സിന്ധു അരവിന്ദ്,വിൻസൺ കോയിക്കാര,പി യു ജോമോൻ,മാമച്ചൻ ജോസഫ്,സൈജന്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലിം,ഫോറസ്റ്റ് ഇൻഡസ്ട്രീസ് ചെയർമാൻ ആർ അനിൽകുമാർ,മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഇ കെ ശിവൻ,സോഷ്യൽ ഫോറസ്ട്രി എറണാകുളം ചീഫ് കൺ സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഇന്ദു വിജയൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വന സൗഹൃദ സദസ്സിൽ ലഭിച്ചത് 90 അപേക്ഷകൾ.
കുട്ടമ്പുഴയിലെ വന സൗഹൃദം സദസ്സിൽ ആകെ 90 അപേക്ഷകളാണ് ലഭിച്ചത്.ചടങ്ങിൽ വന്യജീവികളുടെ ആക്രമണം മൂലം പരിക്ക് / നാശനഷ്ടം സംഭവിച്ച 16 പേർക്ക് നഷ്ടപരിഹാരം നൽകി.റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോജക്ട് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം 5 പേർക്ക് ആദ്യ ഗഡുവും കൈമാറി.
മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 17 നിരാക്ഷേപ പത്രങ്ങളും വിതരണം ചെയ്തു.
ദേശീയ വനം കായിക മേളയിലെ മെഡല്‍ ജേതാക്കളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
NEWS
ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm വീതം രണ്ട് ഷട്ടറുകൾ തുറന്നത്.15 ഷട്ടറുകളുള്ള ഡാമിൻ്റെ നാല് എണ്ണമാണ് ഇന്ന് തുറക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT9 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ