Connect with us

Hi, what are you looking for?

NEWS

ജനസംരക്ഷണ സമിതിയുടെ നിയമപോരാട്ടം വിജയം കണ്ടു : ബ്ലാവന പാലം പണിയാൻ ഒരുമാസത്തിനകം നടപടികൾ ആരംഭിക്കണമെന്ന് ഹൈക്കോടതി.

എറണാകുളം : ജില്ലയിലെ പിന്നോക്ക പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാർഡ് -കല്ലേലിമേട്, കുഞ്ചിപ്പാറ, തലവെച്ചു പാറ, വാര്യം, തേരാ തുടങ്ങിയ ആദിവാസി മേഖലകളിലേക്കും ഉള്ള ഏക സഞ്ചാര മാർഗ്ഗം ആയ ബ്ലാവനയിൽ പാലം നിർമ്മിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ പ്രദേശത്തേക്കുള്ള ഏക സഞ്ചാര മാർഗ്ഗമായ ബ്ലാവന കടത്തിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജന സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

തേര ആദിവാസി കുടി കാണിക്കാരൻ ചുങ്കാൻ തായപ്പൻ, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാര്യം കാണിക്കാരൻ പൊന്നുസ്വാമി വലിയ അലങ്കാരൻ, ജന സംരക്ഷണ സമിതി പ്രവർത്തകരായ സിജു മോൻ ഫ്രാൻസിസ് മറ്റത്തിൽ, ജോർജ്ജുകുട്ടി കൂനത്താൻ എന്നിവരാണ് ഈ കേസിൽ കക്ഷി ചേർന്നത്. 2016 ജൂലൈ മാസത്തിൽ ആരംഭിച്ച നിയമപോരാട്ടം 2020 നവംബറിൽ അവസാനിക്കുമ്പോൾ പ്രദേശവാസികൾക്കും, ജന സംരക്ഷണ സമിതിക്കും ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഒന്നായി ഈ വിധി മാറുന്നു. വിധി നടപ്പാകുന്നതോടെ കല്ലേലി മേട്, കുഞ്ചിപ്പാറ, തലവെച്ച പാറ, വാര്യം, തേര, മീൻ കുളം, മാപ്പിള പാറ, ചേ മ്പുംകണ്ടം, പെട്ടി വര, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ദുരിതജീവിതത്തിന് അവസാനമാകും.

ബ്ലാവന കടവിൽ ഒരു പാലം വേണമെന്ന ആവശ്യത്തിന് കുട്ടമ്പുഴ പഞ്ചായത്തിനേക്കാൾ പഴക്കമുണ്ടെന്നും, മാറിമാറി വന്ന സർക്കാരുകൾ ഈ ആവശ്യത്തിന് നേരെ മുഖംതിരിച്ച് സാഹചര്യം ഉണ്ടായപ്പോഴാണ് ജന സംരക്ഷണ സമിതി കോടതിയെ സമീപിച്ചതെന്ന് ജനസംരക്ഷണ സമിതി കൺവീനർ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി പറഞ്ഞു.
2013ൽ ആദിവാസി മേഖലയിലെ ഊരുകൂട്ടവും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് പിഡബ്ല്യുഡി 102 മീറ്റർ നീളവും,7.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ എസ്റ്റിമേറ്റ് എടുത്ത് വനംവകുപ്പിന് അനുമതിക്കായി അപേക്ഷിച്ചു. എന്നാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. തുടർന്നാണ് കുട്ടമ്പുഴ മേഖലയിലെ ജനമുന്നേറ്റമായ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോടതിയെ സമീപിച്ചത്.

ഭൂരിഭാഗം ഗുണഭോക്താക്കളും ആദിവാസികൾ ആണെന്നിരിക്കെ 2006ലെ വനാവകാശ നിയമപ്രകാരം വകുപ്പിന് അനുമതി നൽകാമെന്ന് ഉണ്ടായിരുന്നിട്ടും ഒട്ടും അനുകൂലമല്ലാത്ത നിലപാടാണ് കോടതിയിലും വനംവകുപ്പ് സ്വീകരിച്ചത്. വനംവകുപ്പിലെ സാങ്കേതിക കാരണങ്ങൾ തള്ളിക്കളഞ്ഞ കോടതി ഒരുമാസത്തിനകം പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾക്ക് ഉത്തരവ് നൽകി. ജസ്റ്റിസ് നാഗരേഷ് അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തട്ടേക്കാട് പാലത്തിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. എൻ. എം വർഗീസാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.
ഇതേ സാഹചര്യങ്ങൾ തന്നെ നിലനിൽക്കുന്ന മണികണ്ഠൻചാൽ പാലത്തിന് വേണ്ടിയും ഉടൻതന്നെ കോടതിയെ സമീപിക്കുമെന്ന് ജന സംരക്ഷണ സമിതി വ്യക്തമാക്കി.

You May Also Like