കോട്ടപ്പടി :ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വ :ഡീൻ കുരിയാക്കോസ് പ്രാദേശിക
വികസന പദ്ധതി പ്രകാരം അനുവദിച്ച പാലിയേറ്റീവ് കെയർ വാഹനം കോട്ടപ്പടി
പഞ്ചായത്ത് അധികൃതർ ഡ്രൈവറില്ലന്ന കാരണത്താൽ ഷെഡിൽ കയറ്റി ഇട്ടിട്ട്
എഴു മാസം കഴിഞ്ഞു. രണ്ടു തവണ ഇൻ്റർവ്യൂ നടത്തിയെങ്കിലും ഡ്രൈവറെ
നിയമിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല . രണ്ടാഴ്ച്ച മുൻപും ഡ്രൈവറെ നിയമിക്കുന്നതിനായി നോട്ടിഫിക്കേഷൻ പുറപ്പെടിവിച്ചിരുന്നു. ഏഴു മാസത്തോളമായി ഈ വാഹനം
പുറംലോകം കണ്ടിട്ട്. 2020 ഒക്ടോബർ 12 തിയതി കൊട്ടിഘോഷിച്ചു നടത്തിയ
സ്വീകരണ പരിപാടിക്ക് ശേഷം ഈ വാഹനം കോട്ടപ്പടി കുടുംബരോഗ്യകേന്ദ്രത്തിന്റെ അകത്തു
വിശ്രമത്തിലാണ്. സ്വന്തമായി ഒരു വാഹനം ഉണ്ടായിട്ടും നിലവിൽ വാടകയ്ക്ക് എടുത്ത വണ്ടിയിൽ ആണ് പാലിയേറ്റീവ് അംഗങ്ങൾ സഞ്ചാരിക്കുന്നത്.
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാലിയേറ്റിവ് യൂണിറ്റ് കോട്ടപ്പടിയിൽ ഉണ്ടായിട്ടും അവർക്കോ ജനങ്ങൾക്കോ ഈ വാഹനം കൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൊറോണ കാലത്തു ഒട്ടേറെ ആളുകൾക്ക് പ്രയോജനം ലഭിക്കണ്ട വാഹനം ആർക്കും ഉപകാരപ്പെടാതെ ഷെഡിൽ കിടന്നു നശിക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണന്ന ആരോപണമാണ് ഉയരുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്തും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മയാണ് പാലിയേറ്റീവ് വാഹനത്തിന് വിനയായതെന്നും നാട്ടുകാർ അടക്കം പറയുന്നു. ഈ അലംഭാവത്തിന് എതിരെ മേലധികാരികളെ സമീപിക്കാൻ ഒരുങ്ങുകയാണ് കോട്ടപ്പടിയിലെ ജനങ്ങൾ.