- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : വഴിയില്ലാതെ ദുരിതത്തിലായി കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൂവകണ്ടം ചാലിൽ താമസിക്കുന്ന 22 ഓളം കുടുംബങ്ങൾ. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഈ കുടുംബങ്ങൾ യാത്ര ചെയ്യുന്നത്. കോട്ടപ്പാറ വനത്തിനു സമീപത്തുകൂടിയുള്ള ദുർഘടമായ വഴിയിലൂടെ ആണ് നിലവിൽ വാഹനങ്ങൾ കോളനിയിൽ എത്തിച്ചേരുന്നത്. പലപ്പോഴും ആന പോലുള്ള വന്യമൃഗങ്ങൾ നിൽക്കുന്നതിനാൽ ജീപ്പ് പോലുള്ള വാഹനങ്ങളിൽ മാത്രമേ കോളനിയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഒരു വർഷം മുന്നേ വീട്ടിൽ ഛർദ്ദിച്ച് അവശനായ ജോമോൻ യുവാവ് മരണമടഞ്ഞപ്പോൾ ആണ് കോളനിവാസികൾ വഴിനെ കുറിച്ച് കൂടുതൽ ചിന്തിച്ചു തുടങ്ങിയത്.
നിലവിൽ കോളനിവാസികൾ പഞ്ചായത്ത് മെമ്പർ മുഖേന വെച്ച അപേക്ഷയിൽ വനംവകുപ്പ് വഴി അനുവദിക്കാനാവില്ല എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പരിവേശ് ആപ്പ് വഴി കേന്ദ്ര സർക്കാരിന് അപേക്ഷ വയ്ക്കാനാണ് വനംവകുപ്പിൽ നിന്നുള്ള മറുപടി. ദീർഘകാലം ആയിട്ടുള്ള തങ്ങളുടെ ഈ ഒരു ആവശ്യം എത്രയും വേഗം നടപ്പിലാക്കണമെന്ന് തന്നെയാണ് ഇവിടെ താമസിക്കുന്ന ആളുകൾക്ക് പറയാനുള്ളത്. രോഗം വന്നാൽ പോലും ആശുപത്രിയിൽ പോകാൻ ഒരു വഴിയില്ല. അധികാരികളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് 22 ഓളം കുടുംബങ്ങൾ.