വാരപ്പെട്ടി :കോതമംഗലം വാഴക്കുളം മെയിൻ റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പി ഡബ്ലൂ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേന പോകുന്ന പ്രധാന റോഡാണിത്. റോഡിൽ ഉണ്ടായിട്ടുള്ള കുണ്ടിലും കുഴികളിലും വീണ് നിരവധി വാഹനങ്ങളാണ് നിത്യേന അപകടങ്ങളിൽപ്പെടുന്നത്. പരാതികളും നിവേദനങ്ങളും നിരവധി തവണ വാർഡ് മെമ്പറും നാട്ടുകാരും അധികാരികൾക്ക് നൽകിയതാണ്. പുതിയ പഞ്ചായത്ത് കമ്മിറ്റി അധികാരത്തിലെത്തിയപ്പോൾ വാർഡ് മെമ്പർ പ്രിയ സന്തോഷ് ഈ വിഷയം കമ്മിറ്റിയിൽ അവതരിപ്പിക്കുകയും, പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്ത് PWD ക്ക് രേഖാമൂലം വിഷയം കൈമാറിയിട്ടുള്ളതുമാണ്.
റോഡിന് ഫണ്ട് സാങ്ഷൻ ആക്കിയിട്ടുണ്ടെന്നും , ഉടൻ റോഡ് നന്നാക്കുമെന്നും PWD പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതേവരെ അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല.
അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പൊട്ടിപോളിഞ്ഞു കിടക്കുന്ന റോഡിൽ വാഴയും തെങ്ങിൻ തൈയ്യും നട്ട് പ്രതിഷേധിച്ചു.
കെ കെ അജിത് കുമാർ, ഗീത ഉണ്ണികൃഷ്ണൻ, എ എസ് നിതിൻ, അമൽ വാരിക്കാട്ട്, സോനു സുപ്രൻ, നിതിൻ തങ്കപ്പൻ, ആർ ശ്രീഹരി, അഭിജിത് ഗോപി എന്നിവർ പ്രതിഷേധത്തിൽ അണിനിരന്നു.
റോഡ് തകർന്നുകിടക്കുന്നിടത്ത് പ്രത്യേക പരിഗണന നൽകി അടിയന്തിരമായി അറ്റകുറ്റപണികൾ നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും, അവഗണന ആവർത്തിച്ചാൽ PWD ഓഫീസിന് മുന്നിൽ ജനങ്ങളെ അണിനിരത്തി കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും വാർഡ് മെമ്പർ പ്രിയ സന്തോഷ് പറഞ്ഞു.