കോതമംഗലം: ലോട്ടറി നമ്പർ തിരുത്തി വിൽപ്പനക്കാരിയെ കബളിപ്പിച്ച് 4,000 രൂപയുടെ ലോട്ടറി തട്ടിയെടുത്തു. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന തലക്കോട് പീച്ചാണിമുകളേൽ വിജയമ്മ തങ്കപ്പനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം കോതമംഗലം മലയിൻകീഴിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ 500 രൂപയുടെ സമ്മാനം ലഭിച്ചതായി ധരിപ്പിച്ച് എട്ട് ലോട്ടറി വിജയമ്മയെ ഏൽപ്പിച്ചു. ഒറ്റനോട്ടത്തിൽ സമ്മാനമടിച്ച ടിക്കറ്റാണെന്നാണ് വിജയമ്മയ്ക്ക് തോന്നിയത്. പണം വാങ്ങാതെ 4,000 രൂപയുടെ പുതിയ ലോട്ടറികളും വാങ്ങി ഇരുവരും കടന്ന് കളയുകയായിരുന്നു.
വിജയമ്മ ഈ ലോട്ടറികൾ മൊത്തവിൽപ്പനക്കാരനു കൈമാറി പണം വാങ്ങാനെത്തിയപ്പോഴാണ് നമ്പറിലെ തട്ടിപ്പ് കണ്ടെത്തിയത്. മൂന്ന് എന്ന അക്കം എട്ട് എന്നാക്കിയാണ് ലോട്ടറിയിലേത് സമ്മാനാർഹമായ നമ്പറാക്കിയത്. വിജയമ്മ നൽകിയ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു കാലങ്ങൾക്ക് മുൻപ് കോതമംഗലത്തെ ലോട്ടറി വിൽപ്പനക്കാർ സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.