കോതമംഗലം : കോതമംഗലം താലൂക്കിൽ മെയ് ഒന്നു മുതൽ ആഗസ്റ്റ് നാലു വരെയുള്ള മൂന്ന് മാസത്തിനിടെ 1188 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വേഗത്തിൽ റേഷൻ കാർഡുകൾ ലഭ്യമാക്കിയത്. അപേക്ഷിച്ച് 24 മണിക്കൂറിനകം റേഷൻ കാർഡ് നൽകുന്ന സ്കീം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ഇത്രയും കാർഡുകൾ നൽകിയത്. മുൻഗണേനേതര (വെള്ള) – 826 കാർഡ്, മുൻഗണനേതര സബ്സിഡി (നീല) – 269 കാർഡ്,മുൻഗണന (പിങ്ക്) – 93 കാർഡ് എന്നിങ്ങിനെയാണ് പുതുതായി 1188 കാർഡുകൾ അനുവദിച്ചത്. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കുന്നതിന്റെ ഭാഗമായും നിരവധി പേർ പുതിയ കാർഡിന് അപേക്ഷ നല്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികളുണ്ടെങ്കിലും മുഴുവൻ അപേക്ഷകളിലും അതിവേഗ നടപടിയാണുണ്ടായത്. ആഗസ്റ്റ് 5 വരെ അപേക്ഷിച്ച മുഴുവൻ അപേക്ഷകരുടേയും റേഷൻ കാർഡുകൾ തയ്യാറായതായും, ഇനിയും കാർഡ് കൈപറ്റാത്തവർക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷൻ കാർഡുകൾ കൈപറ്റാവുന്നതാണെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.