കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് വേഗത്തിൽ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിൽ വിവിധ പ്രദേശങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാങ്ങിങ് ഫെൻസിങ്,ഫെൻസിങ് അടക്കമുള്ള പ്രതിരോധ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ പ്രവർത്തികളുമായി ബന്ധപ്പെട്ട പുരോഗതി ബന്ധപ്പെട്ട ഡി എഫ് ഒ മാർ കൃത്യമായി മോണിറ്റർ ചെയ്ത് പ്രവർത്തികളുടെ സമയബന്ധിതമായുള്ള പൂർത്തീകരണവും ഉറപ്പുവരുത്തണമെന്ന് എംഎൽഎ യോഗത്തിൽ നിർദ്ദേശം നൽകി. താലൂക്കിലെ പട്ടയം വിതരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.താലൂക്കിൽ വിവിധ മേഖലകളിൽ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ കൃഷിനാശത്തിന്റെ സ്ഥിതി വിവരങ്ങൾ ചർച്ച ചെയ്യുകയും,നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രകൃതിക്ഷോഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജുകളിൽ ഉള്ള വീടുകൾക്കും മറ്റും സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ സ്ഥിതി വിവര കണക്കുകൾ ചർച്ച ചെയ്യുകയും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു .മഴക്കാലത്ത് താലൂക്കിൽ ചിലയിടങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നതിന് സാഹചര്യം ഉള്ളതിനാൽ രോഗങ്ങൾ പടരുന്നത് തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.
നേര്യമംഗലം 44 ഏക്കർ നഗർ, കുട്ടമ്പുഴ സത്രപ്പടി 4 സെന്റ് നഗർ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നില നിൽക്കുന്നതിനാൽ കാലാവസ്ഥ കൂടുതൽ പ്രതികൂലമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് റവന്യൂ, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ കൂടിയാലോചിച്ചു ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ആയക്കാട് – വേട്ടാംപാറ റോഡിൽ വലിയ ഗർത്തങ്ങൾ രൂപപെട്ടിട്ടുള്ളതും റോഡിന്റെ ഇരുവശങ്ങളിലായി വെള്ളം കുത്തിയൊലിച്ച് താഴ്ന്നു പോയിട്ടുള്ളത് നികത്തുന്നതിനും, പെരിയാർവാലി കനാൽ ബണ്ട് റോഡിന്റെ വശങ്ങളിൽ പുല്ല് അമിതമായി വളർന്നു നിൽക്കുന്നതിനാൽ അപകടസാധ്യത ഉള്ളതിനാൽ വെട്ടിമാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സത്രപ്പടി മേഖലയിലെ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള വീട് നിർമ്മാണം വേഗത്തിലാക്കുന്നതിനും, പന്തപ്രയിൽ വീട് നിർമ്മാണത്തിന് എസ് ടി ഡിപ്പാർട്ട്മെന്റിന്റെ പദ്ധതി കൂടി ചേർത്ത് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന് കാന നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വനാതിർത്തിയിൽ നിൽക്കുന്ന അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നത് വനം വകുപ്പ് വേഗത്തിലാക്കണമെന്നും, കോളേജിനു മുന്നിലെ റോഡിലുള്ള ഓടയിൽ നിന്നും മണ്ണ് നീക്കി വെള്ളക്കെട്ട് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, സ്കൂൾ കവലയിലെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെടുന്ന കുഴികൾ നികത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കവളങ്ങാട് പഞ്ചായത്തിലെ ആനശല്യം രൂക്ഷമായ പ്രദേശത്ത് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മലയോര ഹൈവേയിൽ നമ്പൂതിരികൂപ്പ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വനാതിർത്തിയോട് ചേർന്ന് വരുന്നതും നിലവിൽ പട്ടയം ഉള്ളതുമായ വസ്തുക്കളിൽ വനം വകുപ്പിൽ നിന്നും എൻ. ഒ. സി ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉള്ളത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
ഭൂമിയുടെ തരം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും,മുള്ളരിങ്ങാട് പ്രദേശത്ത് ആനശല്യവുമായി ബന്ധപ്പെട്ട് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴ,തോട് വശങ്ങൾ ഇടിയുന്നത് സംരക്ഷണഭിത്തി കെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട കെ.എസ്.ഇ.ബി, വനംവകുപ്പ് കൂടിയാലോചന നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.ഓണക്കാലത്തോടനുബന്ധിച്ച് ലഹരി വ്യാപനം കർശനമായി തടയുന്നതിന് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലടക്കം പ്രത്യേകമായി നിരീക്ഷണം വേണമെന്ന് യോഗം നിർദ്ദേശിച്ചു.യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
തഹസിൽദാർ ഗോപകുമാർ എ എൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മൂവാറ്റുപുഴ എം എൽ എ പ്രതിനിധി അഡ്വ. അജു മാത്യു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി ടി ബെന്നി, ബേബി പൗലോസ്, തോമസ് തോമ്പ്ര, എ ടി പൗലോസ്, എൻ സി ചെറിയാൻ, സാജൻ അമ്പാട്ട്,ആന്റണി പുല്ലൻ, എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.