കോതമംഗലം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒരു കോടി വിലയുള്ള ആഡംബര ബെൻസ് കാറിനു മുകളിലേറി റോഡ് ഷോ നടത്തി വിവാദത്തിലകപ്പെട്ട ക്വാറി ഉടമ റോയി കുര്യനും സംഘവും ഇന്ന് കോതമംഗലം കോടതിയിൽ ഹാജരായി. അപകടകരമാം വിധം വാഹനമോടിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും റോയിക്കും ഭാരവാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കോതമംഗലം പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരുന്നു. സ്റ്റേഷൻ ജാമ്യം നല്കി ഇവരെ നേരത്തെ വിട്ടയച്ചിരുന്നു. വാഹനങ്ങൾ പോലീസ് പിടികൂടി സൂക്ഷിച്ചിരുന്നു. ഒരു കോടിയുടെ ബെൻസ് കാറിന്റെ മുകൾ ഭാഗത്തെ സൺ റൂഫ് പൂർണ്ണമായും അടയാത്തതിനെ തുടർന്ന് ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരുന്നതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിൽ വിറ്റഴിച്ച ജി.എൽ.ഇ മോഡൽ ബെൻസിന്റെ ആദ്യ വണ്ടികൂടിയായിരുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.
ഇന്ന് കേസ് പരിഗണിച്ച കോടതി ബെൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ജാമ്യവ്യവസ്ഥയിൽ വിട്ടു നല്കി. ഹൈക്കോടതിയിൽ നിന്നുള്ള മുതിർന്ന വക്കീൽ എസ്.ശ്രീകുമാറിൻ്റെ സാന്നിധ്യത്തിലായിരുന്നു റോയി കുര്യനും വാഹനങ്ങളുടെ ഡ്രൈവർമാരും കോതമംഗലം കോടതിയിലെത്തിയത്. രണ്ട് ആൾ ജാമ്യവും തത്തുല്യമായ ഈടിൻ മേലും വാഹനങ്ങൾ വിട്ടു കൊടുക്കാൻ കോതമംഗലം മജിസ്ട്രേറ്റ് കോടതി ഉത്തരവാകുകയായിരുന്നു. ബെൻസും ആറ് ടോറസ് ലോറികളും കോടതി വ്യവസ്ഥകളിൽ പുറത്തിറക്കി. ഫോട്ടോ ഷൂട്ടിനും , ഡ്രൈവർമാർക്ക് പരിശീലനം നൽകാനായിരുന്നു വാഹനങ്ങൾ നിരത്തിലിറക്കിയതെന്നും വലിയ കുറ്റമൊന്നും താൻ ചെയ്തിട്ടില്ലെന്നും കോടതിയിൽ നിന്ന് പുറത്തു വന്ന ശേഷം റോയി വ്യക്തമാക്കി.
https://kothamangalamnews.com/road-show-in-kothamangalam-area-police-take-case-against-roy-kurian.html